കീഴൂര്‍ വലിയപാന കാണാന്‍ ആയിരങ്ങളെത്തി
1545686
Saturday, April 26, 2025 7:00 AM IST
കടുത്തുരുത്തി: ആചാര അനുഷ്ഠാനങ്ങളോടെയും പാരമ്പര്യത്തനിമയോടെയും നടന്ന കീഴൂര്‍ വലിയപാന കാണാന്‍ ആയിരങ്ങളെത്തി. കീഴൂര്‍ ഭഗവതീ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ വലിയപാന ഗ്രാമത്തിന്റെ ഉത്സവമായാണ് ആചരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു 12ന് ഉച്ചപൂജയ്ക്കുശേഷം 700 കിലോ അരിയുടെ പാനക്കഞ്ഞി വിളമ്പി. പാനയോളം പേരുകേട്ട പാനക്കഞ്ഞി കുടിക്കാന്‍ വന്പുരുഷാരമാണ് ദൂരദേശങ്ങളില്‍നിന്നുപോലും എത്തിയത്. തുടര്‍ന്ന് വലിയപാന തുടങ്ങി.
പാനയുടെ ഐതിഹ്യം ഇങ്ങനെയാണ്: ദേവലോകത്തിലും, ഭൂമിയിലും ദാരികാ-ദാനവേന്ദ്രന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെവന്നപ്പോള്‍ ശിവനില്‍നിന്നു ഭദ്രകാളി ഉടലെടുത്തു. ദാരികാ നിഗ്രഹത്തിനായി പോകുന്ന ഭദ്രകാളിയുടെ പടയാളികളാണ് പാനക്കാര്‍ എന്നാണ് സങ്കല്പം.
12 ദിവസത്തെ വ്രതം നോറ്റെത്തുന്ന പാനക്കാരെ ദീപധൂപങ്ങള്ക്കൊണ്ടുഴിഞ്ഞ് അരിയെറിഞ്ഞ് കാളി-ദാരിക യുദ്ധത്തിന്റെ പടയാളികളായി വാഴിക്കും. തുടര്‍ന്ന് ദേവി ദാരികാ നിഗ്രഹത്തിന് പടയാളികളോടൊപ്പം പുറപ്പെടുകയും കര്‍മനിര്‍വഹണം നടത്തുകയും ചെയ്തതിന്റെ അനുസ്മരണമാണ് കീഴൂരിലെ പാനച്ചടങ്ങ്.
പ്രത്യേകരീതിയില്‍ ഉടുത്തുകെട്ടി തലപ്പാവണിഞ്ഞ് പ്രത്യേക ചുവടുകളോടെയാണ് പാന തുള്ളുന്നത്. വിഷുദിനംമുതല് വൃതമനുഷ്ഠിച്ച കീഴൂര്‍, മാന്നാര്‍, വെള്ളാശേരി, പൂഴിക്കോല്‍ എന്നീ കരകളില്‍നിന്നുള്ള പുരുഷന്മാരാണ് പാനതുള്ളലില് പങ്കെടുത്ത പാനയുണ്ണികള്. ചെത്തിമിനുക്കിയ പാലക്കമ്പിന്റെ മുകള്‍ഭാഗത്ത് ദ്വാരമുണ്ടാക്കി പൂക്കുല തിരുകിവച്ചുള്ള പാനക്കുറ്റിയാണ് ഇവര്‍ ആയുധമായി ഉപയോഗിച്ചത്.
വൈകുന്നേരം ഇളംപാനയ്ക്കുശേഷം ഒറ്റത്തൂക്കവും രാത്രി കലാപരിപാടികളും ഗരുഡന്‍തൂക്കവും നടന്നു. ഇന്ന് ഉച്ചയോടെ നടക്കുന്ന കുരുതിയോടെ പാനയുടെ ചടങ്ങുകള്‍ സമാപിക്കും.