ജനവാസമേഖലയിൽ പുലിസാന്നിധ്യം : പുലിപ്പേടിയിൽ പെരുവന്താനം
1545676
Saturday, April 26, 2025 6:52 AM IST
പെരുവന്താനം: മതമ്പ, ചെന്നാപ്പാറ, കൊമ്പുകുത്തി അടക്കമുള്ള വനാതിർത്തി മേഖലയിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ കാട്ടാന ശല്യത്തിനു പുറമേ ഇപ്പോൾ പെരുവന്താനം പഞ്ചായത്തിന്റെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യവും. കഴിഞ്ഞ ഏതാനും മാസങ്ങളായി ജനവാസ മേഖലയിൽ നിരവധി വളർത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്.
കഴിഞ്ഞദിവസം പുലി മറ്റൊരു ജീവിയെ ആക്രമിക്കുന്നതായി അമലഗിരി പാലക്കുഴി വരിക്കാനിക്കൽ മോളി നേരിൽക്കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ കപ്പലുവേങ്ങ നെല്ലിപ്പറമ്പിൽ പാപ്പച്ചന്റെ വളർത്തുനായയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുലിയുടെ ആക്രമണമാണെന്നു നാട്ടുകാർ പറയുന്നു.
ഒരു മാസം മുന്പ് പാലൂർക്കാവിൽ വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു. വനംവകുപ്പ് അധികൃതരെത്തി ഇവിടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചകൾക്ക് മുമ്പ് കൊടുകുത്തി നിർമലഗിരിയിൽ തീറ്റ തേടാൻ അഴിച്ചുവിട്ട ആടിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവിടെയും വനംവകുപ്പ് അധികൃതർ കാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ ഒന്നും ലഭ്യമായില്ല.
അതേസമയം, വീട്ടമ്മ പുലിയെ നേരിട്ടു കണ്ടതോടെ പെരുവന്താനം പഞ്ചായത്തിന്റെ ജനവാസ മേഖലകൾ കടുത്ത പുലി ഭീതിയിലാണ്. ആളുകൾ വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്.
ഏതാനും മാസങ്ങൾക്കുമുമ്പ് പെരുവന്താനം പഞ്ചായത്തിലെ ചെന്നാപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാളുടെ ജീവൻ നഷ്ടമാകുന്നതിനുമുമ്പ് വനംവകുപ്പ് അധികൃതർ അലംഭാവം വെടിഞ്ഞ് വന്യമൃഗശല്യത്തിൽനിന്നു മേഖലയിലെ ജനങ്ങളെ രക്ഷിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.