കുരിശിന്റെ വഴി പ്രത്യാശയുടേത്: മാർ പാംപ്ലാനി
1541939
Saturday, April 12, 2025 1:49 AM IST
ചെറുപുഴ: കുരിശിന്റെ വഴി വലിയൊരു പ്രത്യാശയാണെന്നും ആശ്വാസത്തിന്റെ ദൂതുമായി വരുന്നവരെ നാം കാണാതെ പോകരുതെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ചെറുപുഴയിൽ നാല്പതാം വെള്ളി തീർഥാടനത്തിന്റെ സമാപനയോഗത്തിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്.
പ്രതിസന്ധികളിൽ നിന്ന് മോചനം നേടുന്നതിന് തീർഥാടനം കാരണമായി മാറും. ദുസ്സഹമായ ജീവിതഭാരവുമായി കഴിയുന്നവരെ കാണുകയും അവർക്ക് ആശ്വാസം പകരാനും നമുക്കോരുരുത്തർക്കും കഴിയണം. സഹായം ആവശ്യമായി വരുന്നവരെ കാണാതെ പോകുന്നവർ യേശു ക്രിസ്തുവിന്റെ അനുയായികളല്ല. അപരന്റെ സങ്കടങ്ങളിൽ ആശ്വാസത്തിന്റെ ദൂതുമായി എത്തുന്നവനാണ് ക്രിസ്ത്യാനി. നമ്മളെ പരിഹസിക്കുന്നവരോട് പോലും ക്ഷമിക്കാൻ നമുക്കാകണം. സാമൂഹിക തിന്മകളിൽ നിന്നും നാടിനെയും സമൂഹത്തെയും രക്ഷിക്കാൻ യേശുവിന് സാധിക്കുമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.