ഉളിയിൽ ഖദീജ വധക്കേസ്: വിധി 21ലേക്ക് മാറ്റി
1541942
Saturday, April 12, 2025 1:49 AM IST
തലശേരി: ആദ്യ വിവാഹം ഒഴിവാക്കി രണ്ടാമതു വിവാഹം കഴിക്കുന്നതിലുള്ള വിരോധം കാരണം സഹോദരന്മാരും മറ്റു നാലു പേരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ കേസിലെ വിധി 21 ലേക്ക് മാറ്റി. ഉളിയിൽ പടിക്കച്ചാലിലെ ഷഹത മൻസിലിൽ ആബൂട്ടിയുടെ മകൾ ഖദീജ (28) കൊല്ലപ്പെടുകയും ഖദീജയുടെ രണ്ടാം ഭർത്താവ് കോഴിക്കോട് ഫറൂക്കിലെ കോടമ്പുഴ ഷാഹുൽ ഹമീദിനെ (43) കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വിധി പറയുന്നത് മാറ്റിയത്.
പുതിയപുരയിൽ കെ.വി.ഇസ്മയിൽ ( 38 ), പുതിയ പുരയിൽ കെ.എൻ.ഇസ്മയിൽ ( 34 ), കീച്ചേരി അറഫ മഹലിൽ അബ്ദുൾ റഹൂഫ് ഐക്കോടൻ (48), പഴശി ഷർമി നിവാസിൽ പി.പി. നിസാർ (57)മുണ്ടേരി മൊട്ടമ്മൽ ഇ. എം.അബ്ദുൾ റഹൂഫ് (43), ചാവശേരി ആഷിക് മൻസിലിൽ യു. കെ.അബ്ദുൾ നിസാർ ( 46 ) എന്നിവരാണ് കേസിലെ പ്രതികൾ.
2012 ഡിസംബർ 12 ന് ഉച്ചയ്ക്ക് 12 ഓടെയാണ് കേസിനാസ്പദമായ സംഭവം. രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ആദ്യവിവാഹം തലാഖ് നടത്തി ഖദീജയെയും ഷാഹുൽ ഹമീദിനെയും നാട്ടിൽ എത്തിച്ചശേഷമാണ് കൊലയും കൊലപാതകശ്രമവും നടന്നത്. അക്രമത്തിൽ സാരമായി പരിക്കേറ്റ കൊല്ലപ്പെട്ട ഖദീജയുടെ രണ്ടാം ഭർത്താവ് ഷാഹുൽ ഹമീദിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
ഖദീജയുടെ ആദ്യ ഭർത്താവ് പഴശി കുഴിക്കലിലെ ജസീല മൻസിലിൽ കെ. നൗഷാദ് ആണ്. ഈ ബന്ധത്തിൽ രണ്ടു പെൺ മക്കളുണ്ട്. ഇതിനിടയിലാണ് ഷാഹുൽ ഹമീദുമായി യുവതി സ്നേഹത്തിലാവുന്നതത്രെ. ഈ ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിന്മാറാത്ത വിരോധമാണ് കൊലയ്ക്ക് കാരണമായി ആരോപിക്കുന്നതും. പ്രോസിക്യൂഷനു വേണ്ടി അഡ്വ. രൂപേഷും പ്രതികൾക്ക് വേണ്ടി അഡ്വ.പി.സി. നൗഷാദ് ആണ് ഹാജരാകുന്നത്.