പുതിയ മദ്യ നിർമാണ യൂണിറ്റുകൾ ആരംഭിക്കരുത്: മദ്യ-ലഹരി വിരുദ്ധ സമിതി
1541943
Saturday, April 12, 2025 1:49 AM IST
ഇരിട്ടി: ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ എന്ന വ്യാജേന പുതിയ മദ്യനിർമാണ യൂണിറ്റുകൾ ആരംഭിക്കാനും മദ്യ നിർമാണത്തെ വ്യവസായവത്കരിക്കുവാനുമുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി തലശേരി അതിരൂപത കമ്മിറ്റി. സംസ്ഥാനത്ത് മാരക രാസമയക്കുമരുന്നുകളുടെ വ്യാപനം തടസപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. മദ്യപാനത്തെ മാന്യവത്കരിച്ച് വെള്ളപൂശാനുള്ള നയം യുവതലമുറയോടുള്ള വെല്ലുവിളിയാണ്.
മയക്കുമരുന്നിലേക്കു ജനശ്രദ്ധ തിരിച്ചുവിട്ട് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അബ്കാരികളോടൊപ്പം സർക്കാരും സ്വീകരിക്കുന്നത്. മദ്യനയത്തിൽ അധികാരികൾ കാണിക്കുന്ന ഇരട്ടത്താപ്പ് ജനങ്ങൾ മനസിലാക്കി കഴിഞ്ഞെന്ന് സമിതി കുറ്റപ്പെടുത്തി. മയക്കുമരുന്നു വ്യാപനം തടയുവാനോ, ഉറവിടത്തിൽ തന്നെ നശിപ്പിക്കുവാനോ സർക്കാരിനു കഴിയുന്നില്ല. മയക്കുമരുന്നു കേസിൽ ലളിതമായ പിഴ ചുമത്തി കുറ്റവാളികളെ രക്ഷപെടാൻ സൗകര്യമൊരുക്കുന്ന എക്സൈസ് - പോലീസ് അധികാരികളെ പറ്റി അന്വേഷണം നടത്തണം.
സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ യോജിക്കാവുന്ന എല്ലാ സംഘടനകളെയും കോർത്തിണക്കി തലശേരി അതിരൂപതാ കമ്മിറ്റി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് അടിയന്തര അതിരൂപതാ കമ്മിറ്റി പറഞ്ഞു.
പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മുക്തിശ്രീ പ്രസിഡന്റ് ഷിനോ പാറയ്ക്കൽ,ടി.ഡി. ദേവസ്യ, സോയി പുറവക്കാട്ട്,പൈലി വലിയകണ്ടം, സോളി രാമച്ചനാട്ട് ,സിസ്റ്റർ ജോസ് മരിയ സി എം സി, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, ഷെൽസി കാവനാടി, ജോസ് ചിറ്റേട്ട് , മേരിക്കുട്ടി പാലക്കലോടി, തങ്കമ്മ പാലമറ്റം, പുഷ്പ വെള്ളാപ്പാടം, ജിൻസി കുഴിമുള്ളിൽ, ജോളി നടുതൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.