ഗുരുതര രോഗാവസ്ഥയിലുള്ള 78കാരനെ സങ്കീർണ ശസ്ത്രക്രിയ ഇല്ലാതെ രക്ഷിച്ച് കണ്ണൂർ ആസ്റ്റർ മിംസ്
1541941
Saturday, April 12, 2025 1:49 AM IST
കണ്ണൂര്‍: മഹാധമനി വിണ്ടുകീറി ബലൂണ്‍പോലുള്ള അവസ്ഥയിൽ എത്തിയ രോഗിയെ സങ്കീർണമായ ശസ്ത്രക്രിയ ഇല്ലാതെ രക്ഷിച്ച് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം. കണ്ണൂർ സ്വദേശിയായ 78 കാരനെയാണ് അതിസങ്കീർണമായ ശസ്ത്രക്രിയയില്ലാതെ രക്ഷിച്ചത്. സ്കാനിംഗിലൂടെ വയറിലെ രക്തധമനി ബലൂണ്‍ പോലെ വീര്‍ത്ത നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസില്‍ 78 കാരൻ ചികിത്സ തേടിയെത്തിയത്.
പ്രമേഹം, രക്താതിസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍കൂടി ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയിട്ടില്ലെങ്കില്‍ രക്തധമനിയിലെ വീക്കം പൊട്ടാനും അത് ജീവന് തന്നെ അപകടം സംഭവിക്കാനും സാധ്യതയയുള്ളതിനാല് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇതിന് ശേഷം സിടി സ്കാന്‍ നടത്തിയപ്പോള്‍ വൃക്കയില്‍ നിന്ന് താഴേക്ക് പോകുന്ന മഹാധമനിയിലെ ബലൂണ്‍ പോലെയുള്ള വീക്കത്തിന് പുറമെ മുകളിലേക്ക് പോകുന്ന മഹാധമനിയില്‍ വിള്ളൽ സംഭവിച്ചതായി കണ്ടെത്തി. കൂടാതെ ഹൃദയത്തിന്റെ രക്തക്കുഴലില്‍ രണ്ടു ബ്ലോക്കുകളും ഉണ്ടായിരുന്നു.
സാധാരണ രീതിയിൽ തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ് ചെയ്യുക. പൂർണമായ വിജയസാധ്യത ഉറപ്പാക്കാനും സാധിക്കില്ല. രോഗി ശസ്ത്രക്രിയയ്ക്ക് തയാറാകതെ വന്നതോടെയാണ് കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ചേർന്ന് ഹൃദയത്തിലെ ബ്ലോക്ക് നീക്കം ചെയ്യാന്‍ റേഡിയല്‍ ആന്‍ജിയോപ്ലാസ്റ്റിയും മഹാധമനിയിലെ തകരാറുകള്‍ക്ക് പെര്‍ക്യുട്ടേനിയസ് ക്ലോഷ്വര്‍ ഡിവൈസും ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
ഈ ചികിത്സരീതിക്ക് അനസ്തേഷ്യ നൽകേണ്ട വന്നില്ലെന്നും വലിയ മുറിവുകളോ രക്തം കയറ്റേണ്ട ആവശ്യമോ വന്നില്ലെന്നും ഒരു ദിവസം കൊണ്ട് രോഗി ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നും സീനിയര്‍ കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍ പറഞ്ഞു. പത്രസമ്മേളനത്തിൽ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം ഡോക്ടർമാരായ അനിൽകുമാർ, ഉമേശൻ, വിനു, വിജയൻ, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.