ചന്ദനക്കാംപാറയിലെ ആനക്കൂട്ടം കാട് കയറിയതായി നിഗമനം; തെരച്ചിൽ നിർത്തി ദ്രുതകർമസേന മടങ്ങി
1490209
Friday, December 27, 2024 5:17 AM IST
പയ്യാവൂർ: ചന്ദനക്കാംപാറയിലെ ജനവാസ മേഖലയിലെത്തിയ കാട്ടാനകൾ തിരിച്ചു കാടുകയറിയതായി നിഗമനം. ഇതേ തുടർന്ന് ദ്രുതകർമസേനയുടെ നേതൃത്വത്തിൽ കാട്ടാനകളെ കാടുകയറ്റാനായി നടത്തി വന്ന തെരച്ചിൽ നിർത്തി. കുട്ടിയാനയടക്കം അഞ്ച് ആനകളാണ് ഒരാഴ്ചയായി മേഖലയിൽ വൈദ്യുത വേലിയോട് ചേർന്ന ഭാഗത്ത് തന്പടിച്ചത്. ബുധനാഴ്ച രാവിലെ മുതൽ പാടാംകവല, മതിലേരി തട്ട്, കന്മദപാറ, ചീത്തപ്പാറ ഭാഗളിൽ ഡ്രോൺ ഉപയോഗിച്ചും മറ്റും പരിശോധന നടത്തിയെങ്കിലും ആനക്കൂട്ടത്തെ കണ്ടെത്താനായില്ല.
ഇതോടെയാണ് ആനക്കൂട്ടം തിരിച്ച് കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ വനംവകുപ്പെത്തിയത്. ഇതോടെ കോഴിക്കോട് നിന്നെത്തിയ ദ്രുതകർമസേന തിരിച്ചുപോയി. തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി.രതീശൻ, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനി കുമാർ, ശ്രീകണ്ഠപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ.കെ. ബാലൻ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടാനകളെ കാടു കയറ്റാനുള്ള ദൗത്യം നടത്തിയത്. അതേ സമയം വനം വകുപ്പ് നീരീക്ഷണം തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കാഞ്ഞിരക്കൊല്ലിയിൽ സാമൂഹ്യ വിരുദ്ധർ തൂക്കുവേലി നശിപ്പിച്ച ഭാഗത്തുകൂടിയാണ് കഴിഞ്ഞ ആഴ്ച കാട്ടാനകൾ നാട്ടിലിറങ്ങിയത്. കുന്നത്തൂർപാടി ഉത്സവമാരംഭിച്ച സാഹചര്യത്തിൽ വന്യമൃഗങ്ങൾ കടന്നു വരുന്നത് തടയാനായി വൈദ്യുത തൂക്കുവേലി ചാർജ് ചെയ്തിട്ടുണ്ട്. സാമൂഹ്യ വിരുദ്ധർ തകർത്ത് വൈദ്യുത വേലിയുടെ ഭാഗം ശരിയാക്കുമെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.