വന്യമൃഗ ആക്രമണങ്ങളിൽനിന്ന് കർഷകർക്ക് സംരക്ഷണം നൽകണം: കത്തോലിക്ക കോൺഗ്രസ്
1490210
Friday, December 27, 2024 5:17 AM IST
ആലക്കോട്: വർധിച്ചുവരുന്ന വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആലക്കോട് പഞ്ചായത്തിലെ ഒറ്റതൈയിൽ വീട്ടമ്മക്കും, ഉദയഗിരി പഞ്ചായത്തിലെ ശാന്തിപുരത്തെ അബ്ദുൾ കരീമിനു നേരെയും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടും അധികാരികൾ ഉണർന്നു പ്രവർത്തിക്കാത്തത് കർഷകരോടുള്ള അവജ്ഞയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ആരോപിച്ചു.
വർഷം ഒന്നു കഴിഞ്ഞിട്ടും ഉദയഗിരി പഞ്ചായത്തിൽ തൂക്കുവേലിക്ക് ഫണ്ടുകൾ അനുവദിച്ച് ടെൻഡർ കഴിഞ്ഞതിന് ശേഷവും പണികൾ നടത്താത്തത് പഞ്ചായത്ത് ഭരണസമിതിയുടെ കർഷകരോടുള്ള അവഗണന ആണെന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു. എത്രയും പെട്ടെന്ന് ഫെൻസിംഗ് വേലി നിർമിക്കാനും കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. ആലക്കോട് മേഖലാ പ്രസിഡന്റ് ബേബി കോയിക്കൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. ജിബിൻ വട്ടംകാട്ടൽ മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, രൂപത സെക്രട്ടറി ജിമ്മി ആയത്തമറ്റം, ടോമി കണയങ്കൽ, ബേബി മുണ്ടയ്ക്കൽ, ബ്രൂസിലി മൂഴിയിൽ, സരിത മഞ്ഞ പള്ളിയിൽ, ആൻസി കാഞ്ഞിരാട്ട് കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.