ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
1478768
Wednesday, November 13, 2024 6:34 AM IST
കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലയ്ക്കു പരിക്കേല്പിച്ച സംഭവത്തില്‍ പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മുഹമ്മദ് റിയാസ്(31) ആണ് അറസ്റ്റിലായത്. ഈമാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ മംഗളുരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് സഹയാത്രികര്‍ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന്റെ ദേഷ്യത്തില്‍ റിയാസ്, കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധരനെ(63) കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് സാരമായി പരിക്കേറ്റ മുരളീധരനെ നീലേശ്വരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തില്‍ കേസെടുത്ത റെയില്‍വേ പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. നാലുദിവസമായി നൂറോളം സിസിടിവി കാമറകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.