ബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർ വെൽഫെയർ സഹ. സംഘത്തിൽ 1.32 കോടിയുടെ ക്രമക്കേട് കണ്ടെത്തി
1478480
Tuesday, November 12, 2024 7:00 AM IST
കണ്ണൂർ: ബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർ വെൽഫെയർ സഹകരണ സംഘത്തിലെ ഓഡിറ്റ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. 2023-24 വർഷത്തെ ഓഡിറ്റ് പരിശോധനയിലാണ് ന്യൂനതകൾ കണ്ടെത്തിയത്. സംഘത്തിൽ 1.32 കോടി രൂപയുടെ ഫണ്ട് ശോഷണം നടന്നതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സംഘത്തിന് നിലവിലെ ആസ്തിയേക്കാൾ കൂടുതൽ ബാധ്യതയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ ചെലവിനുള്ള വരുമാനം പോലുമില്ലെന്നും ദൈനംദിന ചെലവുകൾക്ക് അംഗങ്ങളുടെ നിക്ഷേപത്തെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭരണസമിതി അംഗങ്ങളോ സെക്രട്ടറിയോ ജീവനക്കാരോ പരിശോധിച്ച് വ്യക്തമായി ശിപാർശ ചെയ്യാതെയാണ് അപേക്ഷകളിൽ വായ്പ അനുവദിച്ചതെന്നതാണ് മറ്റൊരു ക്രമക്കേട്. ഭൂരിഭാഗം സ്വത്ത് പരിശോധനാ റിപ്പോർട്ടിലും അധികാരപ്പെടുത്തിയ ആരും ഒപ്പുവച്ചിട്ടില്ല. സ്ഥലത്തിന്റെ മതിപ്പുവിലയുടെ 35 ശതമാനത്തിൽ താഴെയുള്ള തുക മാത്രമേ നൽകാവൂ എന്ന് നിയമമുണ്ടെങ്കിലും ചിലർക്ക് 60 ശതമാനത്തിലധികം വരെ നൽകിയിട്ടുണ്ട്.
സ്വത്ത് പണയത്തിൽ പരമാവധി മൂന്നു ലക്ഷം രൂപയാണ് വായ്പ അനുവദിക്കാവുന്ന പരിധിയെങ്കിലും ഇതിലും കൂടുതൽ നൽകിയിട്ടുമുണ്ട്. സ്ഥലത്തിന്റെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് വായ്പ നൽകിയെതന്നും കണ്ടെത്തി. കൃത്യമായ അപേക്ഷകൾ പോലുമില്ലാതെയും വായ്പ അനുവദിച്ചിട്ടുണ്ട്. ഒരു സെക്യൂരിറ്റിയുമില്ലാതെ രണ്ട് അംഗങ്ങളുടെ ആൾ ജാമ്യത്തിൽ മാത്രമായി പത്തുലക്ഷം വരെ ബിസിനസ് വായ്പയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 1.25 കോടി രൂപ നൽകിയതിൽ 77.99 ലക്ഷം രൂപ കുടിശികയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. വായ്പ അപേക്ഷ കൈകാര്യം ചെയ്യുന്നതിലും വായ്പാ രേഖകൾ തയാറാക്കുന്നതിലും വലിയ വീഴ്ചകൾ സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. നടപ്പുവർഷം ശന്പള സർട്ടിഫിക്കറ്റിൽ നൽകിയ 32.94 ലക്ഷം രൂപയുടെ വായ്പയിൽ 16.55 ലക്ഷം രൂപ കുടിശികയാണ്. സംഘം ഇതുവരെ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടില്ലെന്നും സഹകരണവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.