റെയിൽവേ പഴയ മേൽപ്പാലം പൊളിച്ചുനീക്കൽ പ്രവൃത്തി തുടങ്ങി
1478470
Tuesday, November 12, 2024 7:00 AM IST
കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയിൽവേ നടപ്പാലം അടച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല. നിലവിലെ മേൽപ്പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ വലിയ ക്രെയിനുകൾ ഉപയോഗിച്ചാണ് പാലം പൊളിച്ചു നീക്കുന്നത്. ടെൻഡർ നടപടികൾ ആകാത്തത് കൊണ്ടാണ് പുതിയ മേൽപ്പാലത്തിന്റെ പ്രവൃത്തി തുടങ്ങാത്തതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
30 വർഷത്തോളം പഴക്കമുള്ള നടപ്പാലം അറ്റകുറ്റപ്പണി നടത്താനാണ് അടച്ചിട്ടത്. ഇതിനായി കരാറും നൽകിയിരുന്നു. എന്നാൽ, വിദഗ്ധ പരിശോധനയിൽ പാലത്തിന് കാലപ്പഴക്കത്തെ തുടർന്ന് ബലക്ഷയം ഉള്ളതായി കണ്ടെത്തി. സുരക്ഷാകാരണങ്ങളാൽ പാലം ഉപയോഗിക്കാനാവില്ലെന്നും റെയിൽവേ എൻജിനിയർമാർ കണ്ടെത്തി. സ്ലാബുകൾ ദ്രവിച്ച നിലയിലായിരുന്നു. ഇതോടെയാണ് പാലം പൊളിച്ചു നീക്കി പകരം പുതിയത് നിർമിക്കാൻ തീരുമാനിച്ചത്.
പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാവും നിർമാണം. നടപ്പാലം അടച്ചിട്ടതോടെ കാൽനടയാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മുനീശ്വരൻ കോവിൽ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഏറെ കറങ്ങിവേണം ലക്ഷ്യസ്ഥാനത്തെത്താൻ. വിദ്യാർഥികളും തൊഴിലാളികളും അടക്കം നിരവധിപേരാണ് നടപ്പാലം ഉപയോഗിച്ചിരുന്നത്. നടപ്പാലം അടച്ചതോടെ സമീപത്തെ വഴിയോരകച്ചവടക്കാരും ദുരിതത്തിലായി.