വികസനരേഖ ഉടൻ നടപ്പിലാക്കില്ല; ചർച്ചയ്ക്കുശേഷമെന്ന് നേതാക്കൾ
Saturday, March 8, 2025 2:13 AM IST
റെനീഷ് മാത്യു
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ "നവകേരത്തെ നയിക്കാൻ പുതുവഴികൾ’എന്ന വികസനരേഖ അവതരിപ്പിച്ചതോടെ പതിറ്റാണ്ടുകളായി സിപിഎം രാജ്യത്താകമാനം പിന്തുടർന്ന പ്രത്യയശാസ്ത്രത്തിന് അവസാനം. വികസനം നടപ്പിലാക്കാൻ ഇനി സിപിഎമ്മിന് പ്രത്യയശാസ്ത്രം ബാധ്യതയാകില്ല.
പിണറായി വിജയന്റെ പുതുവഴികളെ ചൈനാ മോഡൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിക്ഷേപങ്ങൾക്ക് തുറന്ന വാതിൽ നയമാണ് വികസനരേഖയിൽ സ്വീകരിച്ചിരിക്കുന്നത്. വിദേശ നിക്ഷേപത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനും എതിരേ ശക്ത മായി രംഗത്തുവന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ഒന്നാണ് സിപിഎം.
എന്നാൽ, എറണാകുളം സമ്മേളനത്തിൽ തുടക്കമിട്ട, വികസനകാര്യത്തിലുള്ള സിപിഎമ്മിന്റെ ഭാഗിക നയംമാറ്റം കൊല്ലം സമ്മേളനത്തിൽ പൂർണതയിലേക്ക് എത്തിയിരിക്കുകയാണ്.
ക്ഷേമമല്ല, വികസനമാണ് തുടർഭരണം ലഭിക്കാൻ കാരണമായതെന്ന് കഴിഞ്ഞ എറണാകുളം സമ്മേളനം വ്യക്തമാക്കിയിരുന്നു. അതാണ് അന്ന് "നവകേരളത്തിനായുള്ള കാഴ്ചപ്പാട്’ സമ്മേളനവേദിയിൽ പിണറായി വിജയൻതന്നെ അവതരിപ്പിച്ചത്. വികസനകാര്യത്തിൽ വിട്ടുവീഴ്ചകളാകാം എന്നായിരുന്നു കഴിഞ്ഞ സമ്മേളനത്തിൽ സിപിഎമ്മിന്റെ നിലപാട്. എന്നാൽ, വികസനകാര്യത്തിൽ ഒരു തടസവും വരാൻ പാടില്ലെന്നും ഇതിനായി സർക്കാരിന്റെ നിയമങ്ങൾ ഉൾപ്പെടെ പരിഷ്കരിക്കണം എന്നുമുള്ള നയമാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
സംഘടനാപരമായ വീഴ്ചകളെക്കുറിച്ചു സംസാരിക്കുന്നതിനേക്കാൾ ദേശീയപാത ഉൾപ്പെടെയുള്ള സർക്കാരിന്റെ വികസന കാര്യങ്ങളായിരുന്നു സമ്മേളനത്തിൽ ഏറെയും ചർച്ചയായത്.
സിപിഎം സംഘടനാപരമായി വളരുന്നതിനായുള്ള പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ഒറ്റ ദിവസമാക്കി ചുരുക്കി. പകരം, പിണറായി വിജയന്റെ വികസനരേഖയിൽമേലുള്ള ചർച്ച ഒന്നര ദിവസമാക്കിയത് സംഘടനാ കാഴ്ചപ്പാടിൽനിന്നു മാറി വികസനകാഴ്ചപ്പാടിലൂടെ മൂന്നാംതവണയും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
എന്നാൽ, പിണറായി വിജയൻ അവതരിപ്പിച്ച വികസനരേഖയിൽ പറയുന്ന കാര്യങ്ങൾ വെറും നിർദേശങ്ങൾ മാത്രമാണെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തുക, വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്കുക തുടങ്ങിയ വിവാദ നിർദേശങ്ങളായിരിക്കും ഇന്നു നടക്കുന്ന ചർച്ചയിൽ പ്രധാനമായും ഉയരുന്നത്. ഇത് എത്രത്തോളം പ്രതിനിധികൾക്കു സ്വീകാര്യമാണെന്ന് ചർച്ചയിൽ അറിയാം. ചർച്ചയിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ "പുതുവഴികളുടെ' പൂർണരൂപം പുറത്തു വരികയുള്ളൂ.