സംഘാടക മികവിൽ ചരിത്രമെഴുതി കൊല്ലം
Sunday, March 9, 2025 1:12 AM IST
കൊല്ലം: സംസ്ഥാന സമ്മേളന നടത്തിപ്പിൽ സിപിഎം കൊല്ലത്തു സൃഷ്ടിച്ചത് പുതുചരിത്രം. മാസങ്ങൾക്ക് മുമ്പേ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മുന്നൊരുക്കമാണ് മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സഹായകമായത്.
എണ്ണയിട്ട യന്ത്രം പോലെ പാർട്ടി സംവിധാനത്തെ ചലിപ്പിക്കാനായതിന്റെ ഫലമാണ് സമ്മേളന നഗരിയിൽ കണ്ടത്. ജില്ലയുടെ ഭൂപ്രകൃതിയും പൊതുബോധവും വരെ ഇക്കാര്യത്തിൽ കേന്ദ്രകമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ ചെയർമാനും പാർട്ടി ജില്ലാ സെക്രട്ടറി എസ്. സുദേവൻ ജനറൽ കൺവീനറുമായ സംഘാടക സമിതി കണക്കിലെടുത്തു. തങ്കശേരി വിളക്കുമാടം പ്രതീകമായ ലോഗോയിൽ തുടങ്ങുന്നു ആ കരുതൽ.
കല - കായിക - സാംസ്കാരിക മേഖലകളെ സമ്മേളനത്തിന്റെ അനുബന്ധമായി കോർത്തിണക്കാനും കഴിഞ്ഞു. സമഗ്രവും സർവതല സ്പർശികളുമായ സെമിനാറുകൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളല്ലാത്തവരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി.
കബഡിയും കയാക്കിംഗും ഫുട്ബോളും ക്രിക്കറ്റും ചെസും വടംവലിയും കിളിത്തട്ടും നഗര - ഗ്രാമ വ്യത്യാസമില്ലാതെ സംഘടിപ്പിച്ചു. ശ്രീലങ്കൻ ആർമി, പോലീസ് താരങ്ങളും പ്രോ കബഡി ലീഗ് താരങ്ങളും വരെ ജില്ലയിൽ കബഡി കളിക്കാനെത്തി. കൊളുന്ത് നുള്ളലും കശുവണ്ടി തല്ലലും കയർപിരിയും ചൂണ്ടയിടീലും പോലെ തൊഴിൽ മത്സരങ്ങൾ പൊതുസമൂഹത്തെ ആകർഷിച്ചു.
ഏപ്രിൽ രണ്ടിന് മധുരയിൽ ആരംഭിക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന്റെ സംഘാടനത്തിനു കൂടി പ്രചോദനമാണ് കൊല്ലം സമ്മേളനം. ഓരോ പാർട്ടി അംഗവും അനുഭാവിയും സമ്മേളന നടത്തിപ്പിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചിട്ടുണ്ടന്നു സംഘാടക സമിതി ചെയർമാൻ കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പ്രവർത്തകരെല്ലാം സജീവമാകാനും നമ്മുടെ രാഷ് ട്രീയം എല്ലാവരും ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടാക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.