സിപിഎം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും
Sunday, March 9, 2025 1:12 AM IST
കൊല്ലം: കൊല്ലത്തെ ചുവപ്പിൽ മുക്കിയ സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും. ഇന്ന് വൈകുന്നേരം നാലിന് കാൽ ലക്ഷം പേർ പങ്കെടുക്കുന്ന ചുവപ്പു സേനാ മാർച്ചും രണ്ട് ലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലിയും നടക്കും.
മാർച്ചും റാലിയും സമാപിക്കുന്നത് ആശ്രാമം മൈതാനിയിലാണ്. ജില്ലയിലെയും സമീപ ജില്ലകളിലെയും പരമാവധി പാർട്ടി പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
റെഡ് വോളണ്ടിയർ മാർച്ചും ബഹുജന റാലിയും സമാപിക്കുമ്പോൾ നടക്കുന്ന പൊതു സമ്മേളനം ദേശീയ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. വൃന്ദാ കാരാട്ട്, എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എസ്. സുദേവൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രസംഗിക്കും.