സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന് വനിതാ സമ്മേളനം ഇന്ന്
Saturday, March 8, 2025 1:35 AM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ കേരളത്തിലെ ജീവനക്കാരുടെ സംഘടനയായ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്സ് യൂണിയന് സംസ്ഥാനതല വനിതാ സമ്മേളനം ഇന്ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2000ത്തില്‍ രൂപീകൃതമായ സ്റ്റാഫ് യൂണിയന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 1500ലധികം വനിതാ ജീവനക്കാര്‍ പങ്കെടുക്കും.
ആഗോളതലത്തില്‍ 150 ലധികം രാജ്യങ്ങളിലെ രണ്ടു കോടി ജീവനക്കാരുടെ സംഘടനയായ യുഎന്‍ഐ ഗ്ലോബല്‍ യൂണിയന്റെ ഏഷ്യ- പസഫിക് മേഖല സെക്രട്ടറി രാജേന്ദ്ര ആചാര്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓള് ഇന്ത്യ എസ്ബിഐ സ്റ്റാഫ് ഫെഡറേഷന് സെക്രട്ടറി എല്‍. ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും.
ലിംഗസമത്വം, തൊഴിലിടം, ട്രേഡ് യൂണിയനുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റാഫ് യൂണിയന്റെ വനിത അംഗങ്ങള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ശ്യാമ സോമന്, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്സ് യൂണിയന് കേരള സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി എസ്. അഖില്‍, പി.എല്‍. നസീര്‍ എന്നിവര്‍ പങ്കെടുത്തു.