സീറോമലബാർ സഭ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങൾ
Sunday, March 9, 2025 1:12 AM IST
കൊച്ചി: സീറോമലബാർ സഭയിലെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷനിൽ പുതിയ സെക്രട്ടറിമാരെ നിയമിച്ചു.
കമ്മീഷൻ ജനറൽ സെക്രട്ടറിയായി റവ. ഡോ. അരുൺ കലമറ്റത്തിലും അല്മായ ഫോറം സെക്രട്ടറിയായി ജോർജ് കോയിക്കലും പ്രോ-ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയായി ജോയിസ് മുക്കുടവും നിയമിതരായി.
യഥാക്രമം ഫാ. ജോബി മൂലയിൽ, ടോണി ചിറ്റിലപ്പിള്ളി, സാബു ജോസ് എന്നിവർ സേവനകാലാവധി പൂർത്തിയാക്കിയതിനാലാണ് പുതിയ നിയമനങ്ങൾ. പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലാണു നിയമനങ്ങൾ നടത്തിയത്. മൂന്നു വർഷമാണ് നിയമന കാലാവധി.
റവ.ഡോ. അരുൺ കലമറ്റത്തിൽ പാലക്കാട് രൂപതാംഗമാണ്. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം വിവിധ സെമിനാരികളിൽ അധ്യാപകനാണ്.
രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെയും ‘സ്റ്റാർസ്’ എന്ന അല്മായ പരിശീലനകേന്ദ്രത്തിന്റെയും ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. ഇടുക്കി രൂപതയിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോന ഇടവകാംഗമാണ് ജോർജ് കോയിക്കൽ.
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, രൂപത പിആർഒ, ജാഗ്രതാസമിതി കോ-ഓർഡിനേറ്റർ, 34 വർഷമായി വിശ്വാസപരിശീലകൻ എന്നീനിലകളിൽ സേവനം ചെയ്യുന്നു. ജോയിസ് മുക്കുടം കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഈസ്റ്റ് നിർമലമാതാ ഇടവകാംഗമാണ്.
പ്രോ-ലൈഫ് രൂപത പ്രസിഡന്റ്, കൾച്ചറൽ ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ, മദ്യവിരുദ്ധ സമിതി രൂപത വൈസ് പ്രസിഡന്റ്, എംജി യൂണിവേഴ്സിറ്റി റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മജീഷ്യൻ കൂടിയാണ്.