കാരക്കോണം കോഴക്കേസ്: പണം നല്കുന്നതു തടഞ്ഞ് കോടതി
Saturday, March 8, 2025 1:36 AM IST
കൊച്ചി: കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റിനായി പണം നല്കി തട്ടിപ്പിനിരയായ പരാതിക്കാര്‍ക്കു പണം തിരികെ നല്‍കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
കേസിന്റെ ഭാഗമായി ഇഡി കണ്ടുകെട്ടിയ പണം ക്ലെയിം പെറ്റീഷന് നല്‍കിയവര്‍ക്ക് പിഎംഎല്‍എ പ്രത്യേക കോടതിയുടെ ഉത്തരവുപ്രകാരം തിരികെ നല്കുന്ന നടപടി ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ നിർത്തിവയ്ക്കാനാണു ജസ്റ്റീസ് വി.ജി. അരുണിന്റെ നിര്‍ദേശം.
പ്രത്യേക കോടതി ഉത്തരവ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് മാനേജ്മെന്റും മൂന്നാം പ്രതിയായ ഡോ. ബെന്നറ്റ് ഏബ്രഹാമും നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.