കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവർക്ക് 1500; സംസ്കാരത്തിന് 2000 രൂപ
Saturday, March 8, 2025 1:36 AM IST
തിരുവനന്തപുരം: അക്രമകാരികളായ കാട്ടുമൃഗങ്ങളെയും കാട്ടുപന്നികളെയും വെടിവച്ചു കൊല്ലുന്നവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 1500 രൂപ വീതം അനുവദിക്കാൻ ഉത്തരവ്. വെടിവച്ചു കൊല്ലുന്ന വന്യമൃഗങ്ങളുടെ സംസ്കാരത്തിന് 2,000 രൂപ വീതം അനുവദിക്കാനും ഉത്തരവിൽ പറയുന്നു.
ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതിന് അനുസരിച്ചാകും തുക അനുവദിക്കുക. ഒരു സാന്പത്തിക വർഷം ഒരു ലക്ഷം രൂപ വരെ പഞ്ചായത്ത് അധികൃതർക്ക് സാക്ഷ്യപ്പെടുത്താനാകും.
കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവർക്ക് വനം വകുപ്പ് 1000 രൂപയാണ് നിലവിൽ അനുവദിച്ചിരുന്നത്. ഇതിന് നടപടിക്രമങ്ങൾ ഏറെയാണെന്നും സമയത്തു പണം ലഭിക്കില്ലെന്നും പരാതി ഉയർന്നു. മാത്രമല്ല, കാട്ടുപന്നികളുടെ സംസ്കാരത്തിന് തുക അനുവദിച്ചിരുന്നില്ല.
പരാതികൾ ഒട്ടേറെ ഉയർന്ന സാഹചര്യത്തിലാണ് തുക സംസ്ഥാന സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നു നൽകാൻ ഉത്തരവ് ഇറക്കിയത്.