ഒടുവിൽ മുകേഷ് എത്തി
Sunday, March 9, 2025 1:12 AM IST
കൊല്ലം: അസാന്നിധ്യത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ നടനും എംഎൽഎയുമായ എം. മുകേഷ് സിപിഎം സംസ്ഥാന പ്രതിനിധി സമ്മേളന നഗരിയിൽ എത്തി.
ഇന്നലെ രാവിലെ 10.30നായിരുന്നു സമ്മേളനത്തിന്റെ സംഘാടക സമിതി ഭാരവാഹി കൂടിയായ മുകേഷിന്റെ വരവ്. പരിചയക്കാർക്കെല്ലാം ഹസ്തദാനം നൽകി അദ്ദേഹം സൗഹൃദം പുതുക്കുകയും ചെയ്തു. പിന്നീട് മുകേഷ് മാധ്യമങ്ങളോടും സംസാരിച്ചു.
തിരക്ക് ഉണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിന് എത്താതിരുന്നത്. വിലക്കൊന്നുമില്ല. പാർട്ടി അംഗമല്ലെന്നും അതു കൊണ്ടുതന്നെ സമ്മേളന പ്രതിനിധിയല്ലെന്നും മുകേഷ് വ്യക്തമാക്കി.
സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ലണ്ടനിൽനിന്നു വരെ വിളി വന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്ന് മാറ്റി നിർത്തിയെന്ന ആരോപണം വ്യാപകമായിരുന്നു. ഇത് പ്രതിനിധികൾക്ക് ഇടയിലടക്കം വലിയ ചർച്ചയാവുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി ഇടപെട്ട് തന്നെയാണ് മുകേഷിനെ സമ്മേളന നഗരിയിൽ എത്തിച്ചതെന്നാണ് വിവരം.