കളമശേരിയില്‍ തീപിടിത്തം; ഗോഡൗണും വാഹനങ്ങളും കത്തിനശിച്ചു; 1.75 കോടി നഷ്ടം
Sunday, March 9, 2025 1:12 AM IST
കളമശേരി: കളമശേരി പള്ളിലാങ്കരയില്‍ കിടക്ക നിർമാണ കമ്പനികള്‍ക്കായി ഫോം നിര്മിച്ചുനല്ക്കുന്ന സ്ഥാപനത്തില്‍ തീപിടിത്തം. രണ്ടു മിനിലോറികളും ഒരു സ്കൂട്ടറും 20 ഇലക്ട്രിക് സൈക്കിളും കത്തിനശിച്ചു. കളമശേരി സ്വദേശി ആഷിന്റെ ഉടമസ്ഥതയിലുള്ള ക്രെസന്റ് സെയില്‍ കോര്പറേഷന് എന്ന സ്ഥാപനത്തിനും ഗോഡൗണിനുമാണ് തീപിടിച്ചത്.
സംഭവത്തില്‍ 1.75 കോടി രൂപയുടെ നാശമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുളളത്. അഗ്നിബാധ സമീപത്തെ കുപ്പിവെള്ള വിതരണ സ്ഥാപത്തിലേക്കു പടര്‍ന്നതും ചൂടേറ്റ് കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടിവീണതും ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും വന്‍ ദുരന്തം ഒഴിവായി.
അപകടസമയത്ത് സ്ഥാപനത്തില്‍ മൂന്നു ജോലിക്കാർ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ വെല്‍ഡിംഗ് നടത്തുന്നതിനിടെ തീപ്പൊരി വീണതാണ് തീപിടിത്തത്തിനു കാരണമെന്നാണ് ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പ്രാഥമിക നിഗമനം.ഇന്നലെ രാവിലെ 9.45 ഓടെ ആയിരുന്നു സംഭവം.
സ്ഥാപനത്തില്‍നിന്ന് തീയും പുകയും ഉയരുന്നതു കണ്ട ഗോഡൗണ്‍ ഉടമതന്നെയാണു തൃക്കാക്കര അഗ്നിരക്ഷാ ഓഫീസിൽ വിവരം അറിയിച്ചത്. എന്നാല്‍ നിമിഷനേരം കൊണ്ട് സ്ഥാപനം അഗ്നിക്കിരയായി. ഇതിനിടെയാണ് കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടിവീണത്. തീ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കേവ്സര് അക്വാ പ്രോഡക്ടിലേക്കും ഈ സമയം പടര്‍ന്നിരുന്നു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി രണ്ടു മണിക്കൂറിലേറെ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. തൃക്കാക്കര, ഏലൂര്‍, ആലുവ, പറവൂര്‍, ക്ലബ് റോഡ്, ഗാന്ധി നഗര്‍ എന്നീ അഗ്നിരക്ഷാ യൂണിറ്റുകളില്‍നിന്നുള്ള അമ്പതോളം ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ക്രെസന്റ് സെയില്‍സ് കോര്പറേഷന് എന്നപേരിലുള്ള ഗോഡൗണ്‍ നിരവധി കെട്ടിടങ്ങള്ക്കിടയിലാണു സ്ഥിതിചെയ്യുന്നത്. ഗോഡൗണിലെ ജീവനക്കാര്‍ ഉപയോഗിക്കുന്നതാണ് കത്തിനശിച്ച വാഹനങ്ങളും ഇലക്ട്രിക് സൈക്കിളുകളും. 5000 ചതുരശ്രയടിയോളം വിസ്തീര്‍ണമുള്ള ഗോഡൗണ്‍ ടിന്‍ഷീറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ളതാണ്. ഗോഡൗണ്‍ ഉടമയുടെ സമീപത്തെ വീട്ടിലെ എസിയും ജലസംഭരണിയും തീപിടിത്തത്തില്‍ കത്തിനശിച്ചു.