ചോദ്യപേപ്പര്‍ ചോര്‍ന്നതിനു പിന്നില്‍ തന്റെ സ്ഥാപനത്തിലെ അധ്യാപകരെന്നു സമ്മതിച്ച് ഷുഹൈബ്
Saturday, March 8, 2025 1:35 AM IST
കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ് വണ്‍ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സമ്മതിച്ച് എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ്. ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിലാണ് ഷുഹൈബ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, തനിക്ക് ഇതില്‍ പങ്കില്ലെന്നും കേസില്‍ അറസ്റ്റിലായ അധ്യാപകരാണ് ഇതിന് പിന്നിലെന്നുമാണ് ഷുഹൈബ് പറഞ്ഞത്.
കഴിഞ്ഞ രണ്ടുതവണയും ചോദ്യം ചെയ്തപ്പോഴും ചോദ്യപേപ്പര്‍ പ്രവചിച്ചത് സത്യമായി വരികയായിരുന്നുവെന്നായിരുന്നു ഷുഹൈബ് പറഞ്ഞിരുന്നത്. കോടതി മുന്‍കുര്‍ ജാമ്യം തള്ളുകയും അറസ്റ്റിലാകുകയും ചെയ്തതോടെയാണ് മുന്‍ നിലപാടില്‍നിന്ന് ഷുഹൈബ് മാറിയത്.
ചോര്‍ത്തിയതിന്റെ ഉത്തരവാദിത്തം കേസിലെ മറ്റു പ്രതികള്‍ക്കാണെന്ന് ഷുഹൈബ് പറഞ്ഞതായി ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീന് കുട്ടി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കേസില്‍ മറ്റു പ്രതികള്‍ ഉണ്ടോയെന്നും മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും.
പ്രതികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു. ഷുഹൈബിന്റെ ഫോണിലെ പല വിവരങ്ങളും ഡിലീറ്റ് ചെയ്തെന്ന് അന്വേഷണസംഘം കണ്ടെത്തി. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
ചോദ്യക്കടലാസ് ചോര്‍ത്തി നല്കിയ മലപ്പുറത്തെ അണ് എയ്ഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൾ നാസറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ താമരശേരി ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷുഹൈബിനെ റിമാന്‍ഡ് ചെയ്തു.