പാര്‍ട്ടിയില്‍ പന്തിഭേദം; സ്ഥാനങ്ങള്‍ കൂടുതലും കണ്ണൂരുകാര്ക്കെന്ന് വിമർശനം
Saturday, March 8, 2025 1:35 AM IST
റെനീഷ് മാത്യു
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളന ഭാഗമായുള്ള പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനും എതിരേ വിമർശനം.
പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വീതം വയ്ക്കുമ്പോള്‍ പ്രാദേശികമായ പക്ഷപാതിത്വം കാണിക്കുന്നുവെന്നാണ് പാർട്ടി സെക്രട്ടറിക്കെതിരേയുള്ള വിമർശനം.
മെറിറ്റും കഴിവുമെല്ലാം വേണമെന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനങ്ങള്‍ വീതംവയ്ക്കുന്ന ഘട്ടത്തില്‍ എല്ലാം നല്‍കുന്നത് കണ്ണൂരുകാര്‍ക്കാണ് എന്നായിരുന്നു വിമര്‍ശനം.
സംഘടനാ റിപ്പോര്ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പത്തനംതിട്ട ജില്ലയില്‍നിന്നുള്ള പ്രതിനിധിയും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പി.ബി. ഹര്‍ഷകുമാര്‍ എം.വി.ഗോവിന്ദനെതിരേ വിമര്‍ശനം നടത്തിയത്. എല്ലാ സ്ഥാനങ്ങളും ഒരു ജില്ലയ്ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ടോയെന്നും പ്രതിനിധികള്‍ ചോദിച്ചു.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരേയും വിമർശനം ഉയർന്നു. പോലീസിനെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്നും പാർട്ടി സഖാക്കൾപോലും പോലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയാകുന്നുവെന്നും പരാതി ഉയർന്നുവന്നു.
മന്ത്രിമാര്ക്കുനേരേയും പൊതുചര്‍ച്ചയ്ക്കിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിമാരില്‍ പലരും കഴിവിനൊത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രവര്‍ത്തനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നും വിമര്‍ശനമുണ്ട്.
പല നേതാക്കന്മാര്ക്കും പാര്‍ട്ടിയില്‍ വന്നതിനുശേഷം എത്ര സമ്പത്ത് ഉണ്ടായെന്ന് പരിശോധിക്കണമെന്നും വിമര്‍ശനത്തില്‍ പറയുന്നു.
ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിനെ ചര്‍ച്ചയില്‍ വിമര്‍ശിച്ച് പ്രതിനിധികള്‍ മുന്നോട്ടുവന്നു. ആശമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തത് എന്തുകൊണ്ടാണെന്നും പിഎസ്സി അംഗങ്ങള്‍ക്ക് സ്വര്‍ണക്കരണ്ടിയില്‍ ശമ്പളം നല്‍കുകയാണെന്ന എതിരാളികളുടെ മുതലെടുപ്പ് കാണാതെ പോകരുതെന്നും വിമര്‍ശനത്തില്‍ പറയുന്നുണ്ട്.
നല്ല കാര്യങ്ങൾ വരുമ്പോൾ വെള്ളത്തിൽ നഞ്ചു കലക്കുംപോലെ സർക്കാർ ചിലത് ചെയ്യുന്നു. ആശ സമരം നടക്കുമ്പോൾ പിഎസ്സി വേതനം പരിഷ്കരിച്ചത് ഉദാഹരണമാക്കിയായിരുന്നു വിമർശനം. വാർഡ് വിഭജനം ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ചീത്തപ്പേരുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.