നവീന്‍ ബാബുവിന്റെ മരണം ; കണ്ണൂര്‍ കളക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് കുടുംബം
Sunday, March 9, 2025 1:12 AM IST
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി മാറി പറയുന്ന കണ്ണൂര്‍ കളക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് കുടുംബം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും കുടുംബം പറഞ്ഞു.
സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഗൗരവം സംശയം വര്‍ധിപ്പിക്കുന്നെന്നും നവീന്‍ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി പ്രശാന്തനാണെങ്കിലും അന്വേഷണ സംഘം അയാളെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
സത്യസന്ധമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നവീനിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നു തന്നെയാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും മഞ്ജുഷ അഭിപ്രായപ്പെട്ടു.