പറുദീസ ഫാമില്‍ വിധുവിന് പാലും ചാണകവും കോടി വരുമാനം
Saturday, March 8, 2025 1:35 AM IST
റെജി ജോസഫ്
കോട്ടയം മുട്ടുചിറ പറുദീസ ഇന്റഗ്രേറ്റഡ് ഫാം ഉടമ വിധു രാജീവിന് തൊഴുത്തും പശുക്കളും അപാര സാധ്യതയാണ്. പാലും പാല് ഉത്പന്നങ്ങളും മാത്രമല്ല ചാണകവും സ്ലറിയും കോടികളുടെ നേട്ടം. വര്‍ഷം 49 ലക്ഷം രൂപയുടെ പാലും 44 ലക്ഷം രൂപയുടെ ചാണകവും ചില്ലറ വരുമാനമല്ലല്ലോ. പതിനേഴു വര്‍ഷത്തെ ഒമാന്‍ പ്രവാസത്തിനുശേഷം മടങ്ങിയ വിധു തൊഴുത്തിലേക്ക് കാല്‍വച്ച് പറുദീസ ഫാം വിജയവിസ്മയമാക്കിയിരിക്കുന്നു.
പുങ്കനൂര്‍, വെച്ചൂര്‍, കാസര്ഗോടന്, ഗിര്‍ തുടങ്ങിയ തദ്ദേശീയ ഇനങ്ങള്‍ ഉള്‍പ്പെടെ അന്‍പതു പശുക്കളും ഇരുനൂറ് ആടുകളുമുള്ള ഫാമില്‍ നൂതന സാധ്യതകളിലൂടെ വരുമാനം വര്‍ധിപ്പിച്ചതിന് ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ ദേശീയ പുരസ്കാരം ഇന്നലെ വിധു ഏറ്റുവാങ്ങി. ഏഴു വര്‍ഷം മുന്‍പ് രണ്ടു പശുക്കളില്‍ തുടങ്ങിയ ഫാമില്‍ 50 പശുക്കള്‍. കറവയുള്ള പശുക്കളില്‍നിന്ന് ദിവസം 350 ലിറ്റര്‍ പാലും കൂടാതെ നെയ്യും തൈരും ഉല്പാദിപ്പിക്കുന്നു.
300 ലിറ്റര്‍ പാല് ക്ഷീരസംഘത്തില്‍ വില്‍ക്കും. ശേഷിക്കുന്നതിന് നെയ്യുണ്ടാക്കും. കിലോയ്ക്ക് ആയിരം രൂപ നിരക്കില്‍ 20 കിലോ നെയ്യ് മാസവും വില്‍ക്കുന്നു. ക്രീം വേര്‍തിരിച്ച് നെയ്യാക്കുന്നതിനാല് ശേഷിക്കുന്ന പാലിന് തൈരും തയാറാക്കും.
ആട്ടില്‍ പാല് ആവശ്യമുള്ള അയല്‍ക്കാര്‍ പലരാണ്. മൂന്നു ദിവസം ഇടവിട്ട് 15 ലിറ്റര്‍ ആട്ടിന്പാല് ആയുര്‍വേദ കമ്പനിക്കും നല്കുന്നു. ആട്ടിന്പാല് കുപ്പിക്ക് 130 രൂപ. മുപ്പതു ലക്ഷം രൂപ മുടക്കിയചാണക സംസ്കരണ യൂണിറ്റ് രണ്ട് നേട്ടങ്ങളാണ് നല്‍കുന്നത്. ഒന്ന് തൊഴുത്തിലെ മാലിന്യവും അവശിഷ്ടങ്ങളും സംസ്കരിക്കാം. രണ്ട് മുന്തിയ നിലവാരമുള്ള ചാണകം തയാറാക്കാം.
തൊഴുത്തു കഴുകുന്നതും പശുക്കളെ കുളിപ്പിക്കുന്നതുമായ വെള്ളം രണ്ട് ബോവര്‍ പ്ലാന്റുകളിലേക്കാണു പോകുന്നത്. ഇവിടെനിന്നുള്ള വാതകം പാചകാവശ്യത്തിന് ഉപയോഗിക്കും. സ്ലറി വൃത്താകൃതിയുള്ള മറ്റൊരു ടാങ്കിലേക്ക് എത്തുന്നു. ഈ വെള്ളത്തിലേക്ക് തൊഴുത്തില്‍നിന്നുള്ള ചാണകം സംയോജിപ്പിക്കും. വെള്ളം നീക്കം ചെയ്ത ചാണകം പൊടിയായും സംപുഷ്ടീകരിച്ചും വില്‍ക്കുന്നു.
ചാണക്കപ്പൊടി ചാക്കിന് 300 രൂപ നിരക്കില്‍ വില്‍ക്കും. ട്രൈക്കോഡെര്‍മ ചേര്‍ത്ത് സംപുഷ്ടീകരിച്ച ചാണകം കിലോയ്ക്ക് 30 രൂപ. ചാണകവും വേപ്പിന് പിണ്ണാക്കും സ്യൂഡോമോണസും ടൈക്കോഡെര്മയുംചേര്ത്ത മിശ്രിതം ഒരു കിലോ പാക്കറ്റുകളില്‍ വില്പനയ്ക്കുണ്ട്.
ഫാമും പരിസരവും വൃത്തിയായാല്‍ കാലികള്‍ക്ക് രോഗം കുറയും. ഒപ്പം ദുര്‍ഗന്ധവുമുണ്ടാകില്ല. തൊഴുത്തിലും തൊടിയിലും കുഴിയിലും ചാണകം കൂട്ടിയിടാനും പാടില്ല. തീറ്റഅവശിഷ്ടങ്ങളും കിടക്കാന്‍ പാടില്ല. കൃഷിപ്പണിയും മൃഗപരിപാലനവും സ്ത്രീകള്‍ക്കും അന്യമല്ലെന്ന് തെളിയിക്കുകയാണ് വിധു. പാലാണ് പ്രധാന വരുമാന മാര്‍ഗമെങ്കിലും പച്ചക്കറി കൃഷിയും പച്ചപിടിച്ച് വലിയ വിളവും മികച്ച വിലയും നല്കുന്നു.
കോഴി, താറാവ് മുട്ടകളും ഫാമില്‍ സുലഭം. പച്ചക്കറികളും അച്ചാറുകളും വിവിധതരം പായസവും ചക്കയും ചക്കക്കുരുവും വെളിച്ചെണ്ണയും മഞ്ഞളും വാളന്‍ പുളിയും കുടംപുളിയുമെല്ലാമായി വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കളാണ് ഇവര്‍ വില്‍ക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ എംഎയും സോഷ്യല്‍ സയന്‍സില്‍ ബിഎഡും സ്വന്തമാക്കിയ വിധു കുറെക്കാലം അധ്യാപികയുമായിരുന്നു.
പിന്നീട് ഒമാനില്‍ ഭര്‍ത്താവ് രാജീവിനൊപ്പം പ്രവാസിയായി കഴിഞ്ഞശേഷമാണു മടങ്ങിയെത്തിയത്. നാട്ടിലേക്കു മടങ്ങിയപ്പോള്‍ മക്കള്‍ക്ക് കളിക്കാന്‍ വാങ്ങി നല്കിയ രണ്ട് ആട്ടിന്കുട്ടികളും പത്ത് നാടന്‍ കോഴികളുമാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. സാമ്പത്തിക ലാഭം കൈവന്നതോടെ മുഴുവന്‍ സമയകൃഷിയിലേക്കു ചുവടുമാറി.
പശു വളര്ത്തലിലൂടെയായിരുന്നു തുടക്കം. കോഴി, താറാവ്, ബീറ്റല്‍, കള്‍ഗം, ഗിനി, പാത്ത, ഫ്ളയിംഗ് ഡക്ക്, ഫാന്‍സി കോഴികള്‍, ഈജിപ്ഷ്യന്‍ ഫയോമി, പോളിഷ് ക്യാപപ്പ്, മുയല്, പ്രാവ് എന്നിവയുമുണ്ട്. വെച്ചൂര്‍ പശുവിനെയാണ് ആദ്യം വാങ്ങിയത്. പിന്നീട് എച്ച്എഫിനെ വാങ്ങി.
തുടര്‍ന്ന് കര്‍ണാടകത്തിലെ ചിന്താമണിയില്‍നിന്നും പത്ത് പശുക്കളെക്കൂടി എത്തിച്ചു. മികച്ചതെന്നു ബോധ്യപ്പെടുന്ന പശുക്കളെ രോഗമൊന്നുമില്ലെന്ന ഡോക്ടറുടെ സാക്ഷ്യപത്രത്തോടെയാണു വാങ്ങിയത്. ഇത്തരം പശുക്കളാണ് വിധുവിന് ദിവസവും മുപ്പതും മുപ്പത്തിയഞ്ചും ലിറ്റര്‍ പാല് നല്‍കുന്നത്. തീറ്റപ്പുല്‍ നല്കുന്നതുകൊണ്ടാകണം നല്ല കൊഴുപ്പുള്ള പാലാണ് ലഭിക്കുന്നതെന്ന് ഭര്‍ത്താവ് രാജീവ് പറഞ്ഞു.
വിധുവിന്റെ കാര്‍ഷിക ജീവിതം ഇന്ന് മൂന്നര ഏക്കറിലേക്കും അന്‍പത് പശുക്കളിലേക്കും നൂറ് ആടുകളിലേക്കും നൂറു കോഴികളിലേക്കും താറാവുകളിലേക്കുമെല്ലാം വളര്‍ന്നു. മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല അംഗീകാരങ്ങള്‍ക്കു പുറമേ 2021ല്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള പുരസ്കാരവും വിധുവിനെ തേടിയെത്തി. ഏലിയാസ്, മാത്യു, അല്‍ഫോന്‍സ് എന്നീ മൂന്നു മക്കളാണ് ഈ ദമ്പതികള്‍ക്ക്.