നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു
Saturday, March 8, 2025 2:13 AM IST
കൊരട്ടി: ദേശീയപാതയിൽ കൊരട്ടി വ്യാപാരഭവനു മുന്നിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം. മൂന്നുപേർക്കു പരിക്കേറ്റു.
കോതമംഗലം ഊന്നുകൽ നന്പൂരിക്കൂപ്പ് കൊറ്റൻചിറയിൽ ജോർജ് മകൻ ജെയ്മോൻ (46), മകൾ ജോയന്ന (12) എന്നിവരാണു മരിച്ചത്. ജെയ്മോന്റെ ഭാര്യ മഞ്ജുള (38), മകൻ ജോയൽ (13), മഞ്ജുളയുടെ സഹോദരീപുത്രൻ അലൻ അശോകൻ(15) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ വെളുപ്പിന് 5.47 നായിരുന്നു സംഭവം. കോതമംഗലത്തെ വീട്ടിൽനിന്നു മഞ്ജുളയുടെ പാലക്കാട്ടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന മാരുതി 800 കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ വഴിയോരത്തെ വാകമരത്തിൽ ഇടിക്കുകയായിരുന്നു.
വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടകാരണമറിയാൻ പോലീസ് സമീപത്തെ സിസിടിവികളും പരിശോധിച്ചു. വാഹനം പൂർണമായും തകർന്ന അവ സ്ഥയിലാണ്.
ഇടിയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ വാഹനത്തിലകപ്പെട്ടവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു ചാലക്കുടിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
ജെയ്മോനും ജോയന്നയും ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പുതന്നെ മരിച്ചു. മറ്റുള്ളവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ മഞ്ജുളയെയും ജോയലിനെയും കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കു മാറ്റി. കൈക്കു പരിക്കേറ്റ അലനെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തു.
ജയ്മോൻ കെട്ടിടനിർമാണ തൊഴിലാളിയാണ്. ജോയന്ന ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോത്താനിക്കാട് സഭാ സെമിത്തേരിയിൽ നടത്തും.