എലപ്പുള്ളി മദ്യനിർമാണശാലയ്ക്കെതിരേ പ്രക്ഷോഭം വരും: മാർ ബസേലിയോസ് കാതോലിക്കാബാവ
Sunday, March 9, 2025 1:12 AM IST
പാലക്കാട്: എലപ്പുള്ളി മദ്യനിർമാണശാലയ്ക്കെതിരേ ജനകീയപ്രക്ഷോഭം ഉയർന്നുവരുമെന്നു മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ.
ല ഹരിയുടെ വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇന്ത്യയിലെ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സ് സംഘടിപ്പിച്ച എലപ്പുള്ളി ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. കാതോലിക്കാബാവ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവിനു സമരജ്വാല കൈമാറി. കേരള മദ്യവിരുദ്ധസമിതി ചെയർമാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഐക്യദാർഢ്യപ്രഖ്യാപനം നടത്തി. പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഐക്യദാർഢ്യപ്രസംഗം നടത്തി.
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, ആക്ട്സ് പ്രസിഡന്റ് ബിഷപ് റവ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറിയും ജനകീയകൂട്ടായ്മ സംഘാടകസമിതി ചെയർമാനുമായ ജോർജ് സെബാസ്റ്റ്യൻ, സുൽത്താൻപേട്ട രൂപത വികാരി ജനറാൾ മോണ്‍. മരിയ ജോസഫ്, മൻസൂർഅലി ഹസാനി മോളൂർ, സർവോദയമണ്ഡലം പ്രസിഡന്റ് ടി. ബാലകൃഷ്ണൻ, ആക്ട്സ് സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ സാജൻ വേളൂർ, സമരസമിതി കണ്‍വീനർ എസ്. സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ സി.എസ്. അനിത, കെ.യു. പുണ്യകുമാരി എന്നിവർ പ്രസംഗിച്ചു.