എസ്പി സുജിത് ദാസിനെ സർവീസിൽ തിരിച്ചെടുത്തു
Saturday, March 8, 2025 1:36 AM IST
തിരുവനന്തപുരം: മുൻ ഇടതുപക്ഷ എംഎൽഎ പി.വി. അൻവറുമായുള്ള ഫോണ് സംഭാഷണത്തിനിടെ എഡിജിപി എം. ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും വിമർശിച്ചതിന് സസ്പെൻഡ് ചെയ്ത മുൻ ജില്ലാ പോലീസ് മേധാവി സുജിത് ദാസിനെ രഹസ്യമായി സർവീസിൽ തിരിച്ചെടുത്ത് സർക്കാർ.
സസ്പെൻഷൻ കാലാവധി ആറു മാസം പിന്നിട്ട സാഹചര്യത്തിൽ എസ്പി റാങ്കിലുള്ള സുജിത്ദാസിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷയായ റിവ്യു കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചതിനു പിന്നാലെ സസ്പെൻഷൻ പിൻവലിച്ച് പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകി.
സുജിത്തിന് നിയമനം നൽകിയുള്ള ഉത്തരവ് ഉടൻ ഇറങ്ങും. സുജിത്തിനെതിരേയുള്ള വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നതിനു മുൻപാണ് ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്.
മരംമുറി പരാതി പിൻവലിക്കണമെന്ന് അഭ്യർഥനയുമായി വിളിച്ച എസ്പി സുജിത്ദാസും പി.വി. അൻവറും തമ്മിലുള്ള ഫോണ് സംഭാഷണത്തിലായിരുന്നു വിവാദ പരാമർശം.