കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
Saturday, March 8, 2025 1:35 AM IST
തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചു.
ഏപ്രില്‍ ഒന്‍പത് രാത്രി 12 വരെ അപേക്ഷകള്‍ സ്വീകരിക്കും. കെഎഎസ് ആദ്യവിജ്ഞാപനത്തിലെ അതേ മാതൃകയിലാണ് രണ്ടാം വിജ്ഞാപനവും പിഎസ്സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുവേണ്ട അടിസ്ഥാന യോഗ്യത.
പ്രിലിമിനറി പരീക്ഷ മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ജൂണ്‍ 14നു ഒബ്ജക്ടീവ് രീതിയില്‍ പ്രാഥമിക പരീക്ഷയും വിവരണാത്മക രീതിയിലുള്ള മെയിന്‍ പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലും നടത്തും. 2026 ജനുവരിയില്‍ അഭിമുഖം പൂര്‍ത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
മുന്‍ കെഎഎസ് പരീക്ഷയുടെ സിലബസില്‍ തന്നെയാണ് ഇത്തവണയും പ്രാഥമിക, മെയിന്‍ പരീക്ഷകള്‍ നടത്തുക. പ്രലിമിനറി, മെയിന്‍ പരീക്ഷകളില്‍ ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഉള്‍പ്പെടുത്തും. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് തമിഴ്, കന്നഡ പരിഭാഷയും നല്‍കും. ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരമെഴുതാനും അവസരം ലഭിക്കും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കു തമിഴിലോ കന്നഡയിലോ ഉത്തരമെഴുതാം.
രണ്ടാം കെഎഎസ് പരീക്ഷയ്ക്കായി അഞ്ചു ലക്ഷത്തിലേറെപേര്‍ അപേക്ഷ നല്‍കുമെന്നാണ് പിഎസ്സി കണക്കാക്കുന്നത്. 2019ല്‍ പ്രസിദ്ധീകരിച്ച ആദ്യ കെഎഎസ് വിജ്ഞാപന പ്രകാരം മൂന്നു സ്ട്രീമുകളിലായി 5,77,444 പേര് അപേക്ഷിക്കുകയും 4,00,014 പേര് കണ്ഫര്മേഷന് നല്‍കുകയും 3,29,826 പേർ പരീക്ഷയെഴുതുകയും ചെയ്തിരുന്നു.