പ്രാദേശിക എതിർപ്പിനിടെ നയരേഖയിൽ കരിമണൽ
Sunday, March 9, 2025 1:12 AM IST
കൊല്ലം: കൊല്ലം ജില്ലയിലെ ആലപ്പാട് കരിമണൽ ഖനനത്തിനെതിരേ സിപിഎം പ്രാദേശികതലത്തിൽ പ്രക്ഷോഭം നടത്തുന്പോഴും വിഭവസമാഹരണത്തിന് കരിമണല്‍ അനുയോജ്യമെന്ന് നവകേരള വികസനരേഖ.
കരിമണൽ ഖനനതീരുമാനത്തില് സര്‍ക്കാരും പാര്‍ട്ടിയും രണ്ടു തട്ടിലാണെങ്കിലും പാര്‍ട്ടി സെക്രട്ടറിയുടെ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയനാണ്. വിഭവസമാഹരണത്തിന് കരിമണൽ അനുയോജ്യമെന്നാണ് എം.വി. ഗോവിന്ദനും വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎല്ലും ഐആർഇയുമാണ് കരിമണൽഖനനം നടത്തുന്നത്. എന്നാൽ, സ്വകാര്യമേഖലയ്ക്കും കൂടി ഖനനാനുമതി നല്‍കുമെന്നാണ് ‘നവകേരളത്തിന് പുതുവഴികള്‍’ എന്ന വികസനരേഖയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്.
വിഭവസമാഹരണമെന്ന പേരില്‍ സ്വകാര്യമേഖലയ്ക്കുകൂടി കേരളതീരത്തു ഖനനാനുമതി നല്കിയാല് മത്സ്യസമ്പത്തിനെയും പരിസ്ഥിതിയെയും കടലോരജനതയെയും ബാധിക്കും. കൊല്ലത്ത് സുനാമി ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ നാശനഷ്ടം ഉണ്ടായത് കരിമണൽ ഖനന മേഖലയിലാണ്.
ആഴക്കടല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള കേന്ദ്രനീക്കം മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇതിനെതിരേ സിപിഎം സമരരംഗത്ത് തുടരുന്പോഴാണ് കരിമണൽ ഖനനത്തിന് വികസന രേഖയിൽ അംഗീകാരം നൽകുന്നത്.
കരിമണലില്നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും കരിമണലിനുപുറമേ ഡാമുകളിലും പുഴകളിലും കെട്ടിക്കിടക്കുന്ന മണലും വിഭവസമാഹരണത്തിന് അനുയോജ്യമെന്നും വികസനരേഖയിലുണ്ട്.
സിഐടിയുവും ശാസ്ത്രസാഹിത്യപരിഷത്തും ഉള്‍പ്പെടെ എതിര്പ്പുമായെത്തിയാലും എതിര്‍പ്പുകളെ മറികടക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.