അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന് ; ജഡ്ജി മാപ്പ് പറയണമെന്ന് അഭിഭാഷകർ
Saturday, March 8, 2025 2:13 AM IST
കൊച്ചി: ഹൈക്കോടതിയില് വനിതാ അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്നു പരാതി. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന, അന്തരിച്ച അഡ്വ. അലക്സ് എം. സ്കറിയയുടെ ഭാര്യ അഡ്വ. സരിത തോമസിനാണ് കഴിഞ്ഞ ആറിന് കോടതി നടപടികൾക്കിടെ ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഭാഗത്തുനിന്ന് അവഹേളനപരമായ പരാമർശം നേരിടേണ്ടിവന്നത്.
അഡ്വ. അലക്സ് നേരത്തേ ഏറ്റെടുത്തിരുന്ന കേസിന്റെ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ഭാഗത്തുനിന്ന് അഡ്വ.സരിതയ്ക്കുനേരേയുണ്ടായ പരാർമർശങ്ങളാണു വിവാദമായത്. ഇതോടെ അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസമായി കോടതിയിൽ അതിശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.
ഡിസംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ച കേസിൽ മാർച്ച് ആറിന് വക്കാലത്ത് ഫയൽ ചെയ്യാൻ അഡ്വ. അലക്സിന് കോടതി സമയം അനുവദിച്ചിരുന്നു. ഇതിനിടെ ജനുവരി ഏഴിന് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു. കേസിന്റെ തുടർനടപടികൾക്കായി പുതിയ വക്കാലത്ത് സമർപ്പിക്കാൻ അഭിഭാഷകകൂടിയായ തനിക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന അപേക്ഷയുമായാണ് അഡ്വ. സരിത, ജസ്റ്റീസ് ബദറുദ്ദീന്റെ കോടതിയിലെത്തിയത്.
അഭിഭാഷകനായ ഭർത്താവ് മരിച്ചതറിഞ്ഞിട്ടും, ആരാണു സ്കറിയ? നിങ്ങൾ ജൂണിയർ വക്കീലാണോ? തുടങ്ങിയ ചോദ്യങ്ങളുമായി തന്നെ അവഹേളിക്കുകയായിരുന്നെന്ന് അഡ്വ. സരിത ആരോപിച്ചു.
ജഡ്ജിയുടെ വാക്കുകൾ സരിതയെ വേദനിപ്പിച്ചെന്നും കരഞ്ഞുകൊണ്ടാണ് അവർ കോടതി വിട്ടതെന്നും സഹപ്രവർത്തകർ പറഞ്ഞു.
അഭിഭാഷകനായ ഭർത്താവിന്റെ ആകസ്മിക മരണത്തിലെ തീരാവേദന നെഞ്ചിലൊതുക്കി, അദ്ദേഹമേറ്റെടുത്ത കേസിന്റെ തുടർച്ചയ്ക്കായാണ് അഡ്വ. സരിത കോടതിയെ സമീപിച്ചത്. അഭിഭാഷകരുടെ പ്രതിഷേധം ശക്തമായിരിക്കെ, ജസ്റ്റീസ് എ. ബദറുദ്ദീൻ ഇന്നലെ കോടതിമുറിയിലെത്തിയില്ല. ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും അദ്ദേഹത്തിന്റെ സിറ്റിംഗുകൾ ഒഴിവാക്കിയെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.
ജഡ്ജി മാപ്പ് പറയുംവരെ ബഹിഷ്കരണം
കൊച്ചി: മരിച്ച അഭിഭാഷകനും അദ്ദേഹത്തിന്റെ ഭാര്യക്കും നേരേ ഒരു ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ട അധിക്ഷേപ പരാമർശങ്ങൾ പ്രതിഷേധാർഹമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ്.
തുറന്ന കോടതിയിലുണ്ടായ അധിക്ഷേപത്തിന് അതേ കോടതിയിൽ വച്ച് ജസ്റ്റീസ് എ. ബദറുദ്ദീൻ മാപ്പ് പറയണമെന്ന നിലപാടാണ് അസോസിയേഷനുള്ളത്. മാപ്പു പറയുംവരെ അദ്ദേഹത്തിന്റെ സിറ്റിംഗുകൾ ബഹിഷ്കരിക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.
സംഭവമുണ്ടായതിനു പിന്നാലെ വിഷയത്തിൽ ജനറൽ ബോഡി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം അഭിഭാഷകർ അസോസിയേഷന് കത്ത് നൽകി. ഇന്നലെ അടിയന്തരമായി വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിലെ വികാരം കണക്കിലെടുത്ത് ജസ്റ്റീസ് ബദറുദ്ദീന്റെ ഭാഗത്തുനിന്നുണ്ടായ മോശമായ പെരുമാറ്റത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് കത്ത് നൽകി.
നേരത്തേ ചേംബറിൽ മാപ്പു പറയാമെന്ന് ജസ്റ്റീസ് ബദറുദ്ദീൻ മുതിർന്ന അഭിഭാഷകനായ അഡ്വ. ജോർജ് പൂന്തോട്ടത്തെ അറിയിച്ചിരുന്നെങ്കിലും അവഹേളനമുണ്ടായത് തുറന്ന കോടതിയിലായതിനാൽ അവിടെവച്ചുതന്നെ മാപ്പു പറയണമെന്ന നിലപാടാണ് അസോസിയേഷൻ സ്വീകരിച്ചിട്ടുള്ളത്.
വന്യജീവി ആക്രമണങ്ങളിലെ ഇരകൾക്കു നഷ്ടപരിഹാരത്തിനും ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നതിനെതിരേയും ശക്തമായ നിയമപോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയനായ അഭിഭാഷകനായി രുന്നു അഡ്വ. അലക്സ് എം.സ്കറിയ.
ഇനിയാർക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകരുത്: അഡ്വ. സരിത
""ഞാനൊരു സ്ത്രീയാണെന്ന പ്രത്യേക പരിഗണനയൊന്നും വേണ്ട... കോടതിമുറിയിൽ കരഞ്ഞുതളർന്നിട്ടും തെല്ലും ദയയില്ലാതെ.... മുതിർന്ന അഭിഭാഷകരുൾപ്പെടെയുണ്ടായിരുന്ന കോടതിമുറിയിൽ മനുഷ്യത്വരഹിതമായ വാക്കുകളാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. ഇനിയാർക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകരുത്...''
കേരള ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ചിനു മുന്നിൽനിന്ന് അപമാനഭാരം കൊണ്ടു കരഞ്ഞിറങ്ങിപ്പോരേണ്ടിവന്ന അഡ്വ. സരിത തോമസ് ഇതു പറയുന്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ഒരു ന്യായാധിപന്റെ ഭാഗത്തുനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അവഹേളനപരമായ പരാമർശങ്ങൾ സഹിക്കാവുന്നതിലുമപ്പുറമായിരുന്നെന്ന് അഡ്വ. സരിത പറഞ്ഞു.