ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണം: കേരള കാത്തലിക് ഫെഡറേഷൻ
Sunday, March 9, 2025 1:12 AM IST
കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാനസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരള കത്തോലിക്കാസഭയുടെ അല്മായ പ്രസ്ഥാനങ്ങളായ കത്തോലിക്ക കോണ്‍ഗ്രസ്, കെഎല്‍സിഎ, എംസിഎ എന്നീ സംഘടനകളുടെ പൊതുവേദിയായ കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗമാണ് പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
കുട്ടികളിലും യുവജനങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും അതുമൂലം ഉണ്ടാകുന്ന മനുഷ്യഹിംസയിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കെസിഎഫിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികൾ ആവിഷ്കരിക്കും. വന്യമൃഗ ആക്രമണത്തില്‍നിന്നു മലയോരജനതയുടെ ജീവനും സ്വത്തിനും കാര്‍ഷികവിളകള്‍ക്കും സംരക്ഷണം നല്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെസിഎഫ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കെസിബിസി അല്മായ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കെസിഎഫ് ഉപദേഷ്ടാവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, ട്രഷറര്‍ വി.പി. മത്തായി, മുന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എംസിഎ മുന്‍ ജനറല്‍ സെക്രട്ടറി ധര്‍മരാജ് പിന്‍കുളം, അനില്‍ ജോണ്‍ ഫ്രാന്‍സിസ്, വി.സി. ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.