നീതിക്കായി ഹര്‍ഷിന ഇനി എത്ര കാക്കണം?
Saturday, March 8, 2025 1:35 AM IST
ഇ. അനീഷ്
കോഴിക്കോട്: ഈ വനിതാദിനത്തിലും അവഗണനയുടെ കത്രികപൂട്ടില്‍ കണ്ണീരണിയുകയാണ് ഹര്‍ഷിന. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങി ദുരിതം പേറിയ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിന ഇപ്പോഴും കാത്തിരിക്കുകയാണ്. തനിക്ക് അര്‍ഹിച്ച നഷ്ടപരിഹാരം ലഭിക്കാന്‍.
സര്‍ക്കാരിനെതിരേ സമരം ചെയ്തിന്റെ പേരില്‍ ഇപ്പോഴും നഷ്ടപരിഹാരം ഹര്‍ഷിനയ്ക്ക് അകലെയാണ്. വനിതാ കമ്മീഷൻ നിയമസഹായത്തിനു തയാറായെന്നു പറയുന്നതല്ലാതെ ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല.
2017 നവംബർ 30നാണ് മെഡിക്കൽ കോളജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഈ ശസ്ത്രക്രിയയ്ക്കിടെഹർഷിനയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ചു വർഷമാണ് ഇവർ ജീവിച്ചത്. ആരോഗ്യപ്രശ്നങ്ങൾ നിരന്തരമായതോടെ നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളിലെ കത്രിക കണ്ടെത്തിയത്.
സംഭവത്തിൽ കുറ്റക്കാരായ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവർക്കെതിരേ മെഡിക്കൽ കോളജ് പൊലീസ് 2023 മാർച്ച് 29ന്കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാൽ, ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. 104 ദിവസമാണ് അവർ നീതിക്കായി തെരുവിൽ സമരം ചെയ്തത്. പോലീസ് കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് സമരം അവസാനിച്ചത്.
ഡോ. സി.കെ. രമേശൻ, ഡോ. എം. ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം. രഹ്ന, കെ.ജി. മഞ്ജു എന്നിവരായിരുന്നു പ്രതികൾ.
പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. നീതിതേടിയുള്ള ഈ പോരാട്ടം മരണം വരെ തുടരുമെന്നാണ് ഹർഷിനയുടെ പ്രഖ്യാപനം.