ഭാര്യയെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Sunday, March 9, 2025 1:12 AM IST
ചെറായി: ഭാര്യ നൽകിയ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെ ഭാര്യയെ വധിക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പറവൂർ കുഞ്ഞിത്തൈ മടത്തുശേരി പ്രശാന്ത് (44) ആണ് അറസ്റ്റിലായത്. ചെറായി വാരിശേരി ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചെറായി പുത്തലത്ത് നവിതയ്ക്കുനേരെയാണ് വധശ്രമമുണ്ടായത്.
എട്ടു മാസമായി നവിതയുമായി അകന്നുകഴിഞ്ഞിരുന്ന പ്രശാന്ത് കഴിഞ്ഞ ദിവസം രാത്രിയെത്തി വീടിനു പുറത്തുള്ള കുളിമുറിയിൽ ഒളിച്ചിരിക്കുകയും ജോലി കഴിഞ്ഞെത്തി കുളിക്കാൻ കയറിയ നവിതയെ കത്തികൊണ്ട് പുറത്തും വയറിനും കൈക്കും കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നവിതയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹമോചനത്തിനായി നോട്ടീസ് നൽകിയതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ കെ.എസ്. സന്ദീപ്, എസ്ഐ ടി.ബി. ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.