ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന; യുവാവും പെൺസുഹൃത്തും അറസ്റ്റിൽ
Sunday, March 9, 2025 1:12 AM IST
കണ്ണൂർ: ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പനയ്ക്കെത്തിയ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. താവക്കര ബസ്സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺസുഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. നിഹാദിൽനിന്ന് നാലു ഗ്രാം എംഡിഎംഎയും അനാമികയിൽനിന്ന് ഒന്പത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കണ്ണൂർ മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു ഇരുവരും. മതിയായ രേഖകളില്ലാതെ ലോഡ്ജിൽ മുറിയെടുത്ത് നിരവധി പേർ താമസിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് പരിശോധനയ്ക്കെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്.
ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്നും നിഹാദ് കാപ്പാകേസിൽ ജയിലിൽ പോയി ഇറങ്ങിയിട്ട് കുറച്ചുകാലമേയായുള്ളൂവെന്നും പോലീസ് പറഞ്ഞു. ഇരുവരും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പിടിയിലായത്.