വോട്ടുചോര്‍ച്ച തടയാന്‍ ‘വിശ്വാസം’ ആകാം; ക്ഷേത്ര-പള്ളിക്കമ്മിറ്റികളിൽ ഇടം നേടണം
Saturday, March 8, 2025 1:35 AM IST
കൊല്ലം: മതങ്ങളുമായി ബന്ധപ്പെട്ട ഭക്തസംഘടനകളുടെ കമ്മിറ്റികളിൽ പാർട്ടി അംഗങ്ങൾ ഇടംപിടിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ നിർദേശം.
രാഷ്ട്രീയ പാർട്ടിയായ ബിജെപിയും മതതീവ്രവിഭാഗമായ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, കാസ തുടങ്ങിയ സംഘടനകളും സിപിഎം അണികളെ അടർത്തിക്കൊണ്ടുപോവുകയാണെന്നും അതിനാൽ സിപിഎം പ്രവർത്തകർ ഭക്തി മാർഗത്തിലേക്ക് തിരിയണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്സവം, തിരുനാൾ പോലുള്ള ആഘോഷങ്ങളിൽ സജീവമായി ഇടപെടുന്നതോടൊപ്പം ക്ഷേത്ര-പള്ളി, മോസ്ക് കമ്മിറ്റികളിലടക്കം പാര്‍ട്ടി അംഗങ്ങള്‍ ഇടംനേടണം.
സ്വത്വരാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി ജാതി സംഘടനകളില്‍ വേരുറപ്പിക്കുകവഴി ജാതീയമായി പിളര്‍ത്തുകയും വര്‍ഗീയമായി ഏകോപിപ്പിക്കുകയുമെന്ന ആര്‍എസ്എസ് തന്ത്രത്തെ അതിജീവിക്കാന്‍ കഴിയുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.
എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ ജാതിസംഘടനകളുടെയും ദളിത് ആഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളുടെയും നേതൃനിരയിലുള്‍പ്പെടെ സിപിഎം അംഗങ്ങളുടെ സാന്നിധ്യമുണ്ടാവണം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്സ്വാധീനമുണ്ടായിരുന്ന തെക്കൻ ജില്ലകളിലെ വോട്ടുചോര്‍ച്ചയ്ക്കു കാരണം ജാതിസംഘടനകള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നതാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
സ്ത്രീ വോട്ടര്‍മാരെയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത് ക്ഷേത്രങ്ങളും ഉത്സവങ്ങളുമാണ് വനിതാവോട്ടര്‍മാരിലേക്കുള്ള വഴിയെന്ന് ആര്‍എസ്എസ് മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേവഴി തന്നെയാണ് അണികളുടെ ചോര്‍ച്ച തടയാന്‍ പാര്‍ട്ടിക്കും ഗുണപ്രദമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഉള്‍പ്പെടെ ന്യൂനപക്ഷ മുസ്ലിം വോട്ടുകള്‍ സിപിഎമ്മിന് അനുകൂലമായിരുന്നെങ്കിലും ലോക്സഭാ തെരഞ്ഞടുപ്പില്‍ മലബാറിലെ മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിനു മുകളിലായിരുന്നു. മതരാഷ്ട്രവാദികളുമായുള്ള ലീഗിന്റെ ചങ്ങാത്തം തുറന്നുകാട്ടി, മതനിരപേക്ഷ വോട്ടുകള്‍ സമാഹരിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.
കാസ എന്ന ക്രൈസ്തവ സംഘടന വന്നതോടെ കേരള കോണ്‍ഗ്രസ് എമ്മിൽനിന്നുള്പ്പെടെ കുറേ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയിട്ടുണ്ട്. അതിനാല്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ ഭക്തസംഘടനകളോടു ചേര്‍ന്ന് അണികള്‍ സജീവമാകണമെന്നും സിപിഎമ്മിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.