തിരുത്തി മുന്നോട്ടെന്ന് എം.വി. ഗോവിന്ദൻ
Sunday, March 9, 2025 1:12 AM IST
കൊല്ലം: പ്രതിനിധികളുയർത്തിയ വിഷയങ്ങളിലെ ആശങ്കകൾ തിരുത്തി മുന്നോട്ടു പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി പ്രസംഗം. പാർട്ടി സമ്മേളനം നടത്തുന്നത് സ്വയംവിമർശനത്തിനും നവീകരണത്തിനുമായാണ്. അപ്പോൾ ചർച്ചകളും വിമർശനങ്ങളും ഉണ്ടാവും. അതൊരു നവീകരണപ്രക്രിയയാണ്.
വിമർശനങ്ങളെയെല്ലാം ഗൗരവത്തോടെ കാണുന്നു. നമുക്ക് തിരുത്തി മുന്നോട്ടു പോകാമെന്ന ആമുഖത്തോടെയാണ് പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിലെ ഗോവിന്ദന്റെ മറുപടി പ്രസംഗം തുടങ്ങിയത്.
ചർച്ചയിൽ മന്ത്രിമാർക്കെതിരേയും സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേയും ഭരണത്തിനെതിരേയും വിമർശനം ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയാണ് സെക്രട്ടറി നല്കിയത്. വിമർശനങ്ങളെയെല്ലാം ക്രോഡീകരിച്ചാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്.
“ എനിക്കെതിരായി പല വിമർശനങ്ങളുമുണ്ടായി. അതെല്ലാം ആരോഗ്യകരമായിട്ടാണ് കാണുന്നത്. കാരണം ഇതിനുമുമ്പ് താൻ പാർട്ടി സെക്രട്ടറിയായിട്ടില്ലല്ലോ. വാക്കുകളിലും പ്രവൃത്തികളിലും പോരായ്മയുണ്ടെങ്കിൽ അതു തിരുത്തി മുന്നോട്ടുപോകും. പാർട്ടിയാണു പ്രധാനം. അതുപോലെ എല്ലാവരും സ്വയം വിമർശനവിധേയരാകണം.
മോശം പ്രവണതകൾ കൂടുന്നുണ്ട്. അത് അനുവദിക്കാനാവില്ല. സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുണ്ടാക്കിയ പാർട്ടിയാണിത്. നേതാക്കളുടെ ജീവിതനിലവാരം മാത്രം ഉയർന്നാൽപോര. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുണ്ടാവണം.
അതിന് പാർട്ടിയുടെ ബ്രാഞ്ചുമുതൽ പ്രവർത്തനം സുസജ്ജമാക്കണം. സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളിലേക്ക് ഓരോ പാർട്ടി പ്രവർത്തകനും നേതാക്കളും ഇറങ്ങിച്ചെല്ലണം.
സാമ്പത്തിക ഭദ്രതയില്ലാത്തവരുടെ പ്രശ്നങ്ങൾ, ജപ്തിഭീഷണി നേരിടുന്നവർ, രോഗാവസ്ഥയിലായവർ, രാഷ്ട്രീയം വേറെയാണെങ്കിലും അവരുടെ പ്രശ്നങ്ങളിലെല്ലാം ഇടപെടണം. എങ്കിൽ മാത്രമേ പാർട്ടിയിലേക്കു ജനം അടുക്കുകയുള്ളൂ.
നിലവിൽ സർക്കാരിന്റെ നില ഭദ്രമാണെങ്കിലും ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും പ്രശ്നങ്ങൾ ഒരുപാടുണ്ട്. വനം, പരിസ്ഥിതി മേഖല സർക്കാരിന് ഒട്ടേറെ വിമർശനങ്ങളുണ്ടാക്കുന്നുണ്ട്.
പാർട്ടിയുടെ വകുപ്പല്ലെങ്കിലും അതിൽ നിയന്ത്രണം വേണം. പോലീസിന്റെ പ്രതിച്ഛായ നല്ലതെങ്കിലും കുറ്റകൃത്യങ്ങൾ പെരുകുന്നതു കണ്ടില്ലെന്ന് നടിക്കരുത്. മയക്കുമരുന്നിന്റെ വ്യാപനം അപാരമാണ്. അവർക്ക് വേരുകളിൽനിന്ന് ചികിത്സ നൽകണം.
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനാണ് ഇനി പ്രധാനം. കേരളത്തിന്റെ ഭരണത്തുടർച്ചയെക്കുറിച്ച് ആവശ്യമായ ചർച്ചകളും തിരുത്തലുകളും അവിടെ നടക്കും. നേതാക്കൾക്കു നൽകേണ്ട ഇളവുകളും അവിടെ തീരുമാനിക്കും.
ബ്രാഞ്ച് സമ്മേളനം മുതൽ തുടരുന്ന ആവേശമാണ് പാർട്ടിയെ മുന്നോട്ട് ചലിപ്പിക്കുന്നത്. ചോരാതെ മുന്നോട്ടു പോകാമെന്നും ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള മറുപടിയിൽ പറഞ്ഞു.