ഐഐടി യൂസീഡ് പരീക്ഷയിൽ പാലാ ബ്രില്ല്യന്റിന് മികച്ച നേട്ടം
Saturday, March 8, 2025 1:36 AM IST
പാലാ: രാജ്യത്തെ വിവിധ ഐഐടികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ബാച്ച്ലർ ഓഫ് ഡിസൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ യൂസിഡ് 2025ൽ മൂവാറ്റുപുഴ സ്വദേശിയായ ജോണ് മരിയൻ ബാബു അഖിലേന്ത്യാതലത്തിൽ 46-ാം റാങ്കോടെ കേരളത്തിൽ ഒന്നാമതെത്തി.
പോസ്റ്റൽ അസിസ്റ്റന്റായ മൂവാറ്റുപുഴ കച്ചിറവീട്ടിൽ ബാബു ജോണിന്റെയും ഗ്രേസി കുര്യന്റെയും മകനാണ്. വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ എൻട്രൻസ് കോച്ചിംഗിൽ പങ്കെടുത്തുവരികയാണ്.
കാറ്റഗറി വിഭാഗത്തിൽ അഖിലേന്ത്യാ 20-ാം റാങ്ക് ബി.ആർ. ദിയ റുപ്പീയ നേടി. സീനിയർ ലക്ചററായ കൊല്ലം സ്വദേശി എ. ബാബുരാജിന്റെയും എസ്. ദിവ്യയുടെയും മകനാണ്. കൊല്ലം വടക്കേവിള എസ്എൻ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ ഐഐടി എൻട്രൻസ് കോച്ചിംഗിൽ പങ്കെടുത്തുവരികയാണ്. ഐഐടിയിൽ തന്നെ ഡിസൈനിംഗ് പഠനമാണ് ദിയയുടെയും ലക്ഷ്യം.
കാറ്റഗറി വിഭാഗത്തിൽതന്നെ അഖിലേന്ത്യാ 21-ാം റാങ്ക് കരസ്ഥമാക്കിയ പ്രിത്വിൻ അനീഷ്, അഫ്സാ മിഷാൽ-റാങ്ക് 58, ഫാത്തിമ നസീർ-റാങ്ക് 61, മിസാ മെഹ്റിൻ-റാങ്ക് 66, തിമോത്തി ഫിലിപ്പ്-റാങ്ക് 84, മുഹമ്മദ് റഹിയാൻ-റാങ്ക് 85, കെന്നി ആലപ്പാട്ട്-റാങ്ക് 91, അരുണ് കൃഷ്ണ-റാങ്ക് 98 എന്നിവരും മികച്ചവിജയത്തിലൂടെ ഐഐടികളിലെ ഡിസൈൻ പഠനത്തിന് അർഹരായി. ആദ്യ 100 റാങ്കിനുള്ളിൽ 10 പേരും ആദ്യ 1000 റാങ്കിനുള്ളിൽ 55 പേരും ബ്രില്ല്യന്റിലെ വിദ്യാർഥികളാണ്. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ബ്രില്ല്യന്റ് ഡയറക്ടർമാരും അധ്യാപകരും ചേർന്ന് അനുമോദിച്ചു.