കരുണയും അദ്ഭുതവും
Saturday, March 8, 2025 1:36 AM IST
ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്
ബ്രാന്‍ഡ്റ്റ് ജീന്‍ എന്ന യുവ അമേരിക്കക്കാരന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത് 2019 ഡിസംബറിലായിരുന്നു. തന്റെ സഹോദരനെ വെടിവച്ചുകൊന്ന പോലീസുകാരിയോട് കോടതിയില്‍വച്ചു പരസ്യമായി ക്ഷമിച്ചതായിരുന്നു അതിന്റെ കാരണം. ആമ്പര്‍ ഗൈജര് എന്ന പോലീസുകാരിയോട് ബ്രാന്‍ഡ്റ്റ് പറഞ്ഞത് ഇങ്ങനെ:
“നിങ്ങള്‍ യഥാര്‍ഥത്തില്‍ പശ്ചാത്തപിക്കുന്നു എന്നു ഞാന്‍ കരുതുന്നു. ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു. നിങ്ങള്‍ ക്ഷമ ചോദിച്ച് ദൈവത്തിന്റെ പക്കല്‍ ചെന്നാലും ദൈവം നിങ്ങളോടു ക്ഷമിക്കുമെന്ന് എനിക്കറിയാം.''
കോടതിയിലുണ്ടായിരുന്ന എല്ലാവരും പരിപൂര്‍ണ നിശബ്ദതയില്‍ ഈ വാക്കുകള്‍ കേട്ടിരുന്നു.
അദ്ദേഹം തുടര്‍ന്നു: “ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. നിങ്ങള്‍ക്കു മോശമായതൊന്നും സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”
തുടർന്ന് സഹോദരനെ വെടിവച്ചു കൊന്നയാളെ ജഡ്ജിയുടെ അനുവാദത്തോടെ അദ്ദേഹം ആശ്ലേഷിക്കുന്നു. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി; ഒപ്പം കോടതിയിലുണ്ടായിരുന്ന എല്ലാവരുടെയും. എന്തുകൊണ്ടാണ് ഇങ്ങനെ ക്ഷമിക്കാന്‍ തോന്നിയതെന്നു പിന്നീട് ആളുകള്‍ അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി, എനിക്കവരോടു കരുണ തോന്നി എന്നാണ്.
അദ്ഭുതങ്ങൾ
കരുണ തോന്നുമ്പോഴാണ് അദ്ഭുതങ്ങള്‍ സംഭവിക്കുന്നത്. കരുണ കേവലമൊരു വികാരത്തിനപ്പുറം ജീവിതശൈലിയായി മാറേണ്ടത് ഇക്കാലഘട്ടത്തിന്റെ ആവശ്യമാണ്. നോമ്പുകാലം കരുണയുടെ ദിനങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതങ്ങള്‍ വഴി അനേകരെ അദ്ഭുതങ്ങള്‍ക്കു സാക്ഷിയാക്കാന്‍ സാധിക്കും. ക്രിസ്തുവില്‍ നിറഞ്ഞിരുന്ന ശൈലി കരുണയുടേതായിരുന്നു. അന്ധര്‍ക്കു കാഴ്ച നല്കുമ്പോഴും ബധിരര്‍ക്കു കേള്‍വി കൊടുക്കുമ്പോഴും മരിച്ചവരെ ഉയിര്‍പ്പിക്കുമ്പോഴും വിശക്കുന്നവര്‍ക്ക് അപ്പം വര്ധിപ്പിച്ചുനല്കുമ്പോഴും അവനിലെ കരുണയാണ് വെളിപ്പെടുന്നത്.
നല്ല സമരിയാക്കാരന്റെ കഥ ക്രിസ്തു പറയുന്നത്, എങ്ങനെ മറ്റുള്ളവരോടു കരുണ കാണിക്കണമെന്നു പഠിപ്പിക്കാനാണ്. ജീവിതം മുഴുവന്‍ കരുണയായി മനുഷ്യര്‍ക്കു സമീപസ്ഥനായവനാണ് ഒടുവില്‍ ദിവ്യകാരുണ്യമായി എപ്പോഴും കൂടെ വസിക്കുന്നത്. കരുണയുടെ നിത്യവസന്തം.
കരുണയുടെ കാഴ്ച
എത്രയോ പേര് കരുണ കാണിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ നമ്മുടെ ജീവിതമെന്ന് ഒാർക്കുക. അനവധി ആളുകളുടെ കരുണയിലാണ് ഓരോ ദിനവും നമ്മള് പിന്നിടുന്നത്. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും നടക്കുന്ന പാതകളിലും കരുണയുടെ അംശങ്ങള്‍ കലര്‍ന്നിരിക്കുന്നത് മനസിലാക്കാതെ പോകരുത്. അറിഞ്ഞും അറിയാതെയും അപരര്‍ വച്ചുനീട്ടുന്ന കാരുണ്യത്തിന്റെ കരസ്പര്ശത്തിലാണ് ഓരോ മനുഷ്യജന്മവും വലിയ അലച്ചിലുകളും അപകടവും കൂടാതെ മുന്നോട്ടു പോകുന്നത്.
എത്രമാത്രം കഠിനഹൃദയനായി എന്നതല്ല, എത്രമാത്രം കരുണ കാണിച്ചു എന്നതാണ് അവസാനം കണക്കാക്കപ്പെടുന്നത്. അപ്രതീക്ഷിതമായ ഒരു നാളില്‍ ചലനമറ്റു കിടക്കുമ്പോള്‍ നമ്മള് മരിച്ചു എന്നറിഞ്ഞ് ആളുകളെത്തുമ്പോള്‍ എന്തായിരിക്കും അവര്‍ നമ്മെക്കുറിച്ചു പരസ്പരം പറയുക. "നല്ല മനുഷ്യനായിരുന്നു' എന്നു പറയുന്നതിനു മുന്‍പേ അവര്‍ മനസുകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ കണക്കെടുക്കും. ആ കണക്കെടുപ്പിൽ നമ്മുടെ കര്‍മങ്ങളില്‍ കരുണയുടെ കിരണങ്ങള്‍ കാണാന്‍ അവര്‍ക്കു സാധിക്കണം.
നാസികള്‍ നടത്തിയ വംശഹത്യയില്‍നിന്ന് ഇറേന സെന്റലര് എന്ന യുവതി രക്ഷപ്പെടുത്തിയത് 2500 യഹൂദ കുട്ടികളെയായിരുന്നു. മനുഷ്യരോടുള്ള കരുണയാണ് അതിനു തന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ഒപ്പമുള്ളവരോടു കരുണ കാണിക്കാത്ത ജീവിതങ്ങള്‍ എങ്ങനെ മനുഷ്യജീവിതങ്ങളാകും. എല്ലാവരോടും കരുണ കാണിക്കുക. കാരണം, എത്രകാലം കരുണ കാണിക്കാന്‍ നമ്മള് ജീവിച്ചിരിക്കും എന്ന് അറിയില്ലല്ലോ!