വീട്ടമ്മയില്‍നിന്നു സംവിധായികയിലേക്ക്
Saturday, March 8, 2025 1:35 AM IST
ഷൈബിന് ജോസഫ്
കാസര്‍ഗോഡ്: തന്റെ കഥകള്‍ ലാപ്ടോപ്പില്‍ ടൈപ്പ് ചെയ്യവെ, അതു കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്കുന്നതുകേട്ടപ്പോഴാണ് തന്റെ ഭാര്യയുടെ ഉള്ളില്‍ ഒരു കഥപറച്ചിലുകാരിയുണ്ടെന്ന സത്യം ഡോ. ബിനി അസഫറിന് മനസിലാകുന്നത്.
ബിനിയുടെ ആ തിരിച്ചറിവ് ഭാര്യ കാസര്‍ഗോഡ് ചൗക്കി സ്വദേശിയായ 42കാരി പി. ഫര്‍സാനയെ ചരിത്രനേട്ടത്തിലാണു കൊണ്ടെത്തിച്ചത്. വടക്കന്‍ കേരളത്തിലെ വീട്ടമ്മയും ആദ്യസംവിധായികയുമായ ഫര്‍സാനയാണ് സാങ്കേതികപ്രവര്ത്തകരെല്ലാം സ്ത്രീകളായ മലയാളത്തിലെ ആദ്യ സിനിമ മുംത സംവിധാനം ചെയ്യുന്നത്.
ഫെബ്രുവരി 17നു ചിത്രീകരണം ആരംഭിച്ച സിനിമ 20 ദിവസത്തിനുശേഷം ഇന്നു വനിതാദിനത്തില്‍ പായ്ക്കപ്പാകും. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് (കെഎസ്എഫ്ഡിസി) വനിതാശക്തീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന നാലു സിനിമകളിലൊന്നാണ് മുംത.
ഡിഗ്രിക്കുശേഷം വിവാഹിതയായി ഫാഷന്‍ ഡിസൈനിംഗും ആഭരണഡിസൈനിംഗുമായി സാധാരണ വീട്ടമ്മയെ പോലെ കഴിയുകയായിരുന്നു ഫര്‍സാന. കെഎസ്എഫ്ഡിസിയില്‍ വനിത സംവിധായകരുടെ സിനിമാ പദ്ധതിയുണ്ടെന്നറിഞ്ഞാണു ഭര്‍ത്താവ് എഴുതിയ കഥയ്ക്ക് തിരക്കഥാരൂപം നല്കി സമീപിക്കുന്നത്. കെഎസ്എഫ്ഡിസി നടത്തിയ ശില്പശാലയിലേക്ക് 85ഓളം തിരക്കഥകളില്‍ നിന്നും മുംത ഉള്‍പ്പെടെ നാലെണ്ണം തെരഞ്ഞെടുക്കപ്പെട്ടു. ശില്പശാലയില് തിരക്കഥ വിപുലീകരിച്ചു.
സാമൂഹിക സാമ്പ്രദായിക വ്യവസ്ഥകളില്‍ അകപ്പെട്ടുപോകുന്ന ഒരു ഉമ്മയുടെയും മകളുടെയും അതിജീവനത്തിന്റെ കഥയാണ് മുംത അനാവരണം ചെയുന്നതെന്ന് ഫര്‍സാന പറഞ്ഞു.കാസര്‍ഗോഡ് കുമ്പഡാജെയിലെ പുത്രകള എന്ന ഉണക്കപ്പുല്മേട്ടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
സപ്തഭാഷാ സംഗമഭൂമിയായ ജില്ലയിലെ ഏഴുഭാഷകളും സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്നതു കൂടാതെ ജില്ലയിലെ വിവിധ പ്രാദേശിക ഭാഷാഭേദവും സിനിമയില്‍ ഉടനീളം വരുന്നുണ്ട്.
ബാലതാരം ധനലക്ഷ്മിയാണ് മുംത എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, നവസ വള്ളിക്കുന്ന്, സിബി തോമസ്, പ്രദീപ് ചെറിയാന് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുംതയുടെ സന്തത സഹചാരിയായി മുന്ന എന്ന ഒരു ആട്ടിന്‍കുട്ടിയും സിനിമയില്‍ ഉടനീളമുണ്ട്.
അമ്പതോളം തദ്ദേശവാസികളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒട്ടനവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ച കാമറ വുമണ്‍ ഫൗസിയ ഫാത്തിമയാണ് (മിത്ര് മൈ ഫ്രണ്ട് ഫെയിം) ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പി.ടി. രതീനയാണ് (പുഴു ഫെയിം) ലൈന്‍ പ്രൊഡ്യൂസര്‍.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ഭര്‍ത്താവ് ഡോ. ബിനി അസഫര്‍ മൂന്നാര്‍ വട്ടവടയില്‍ വെറ്ററിനറി സര്‍ജനാണ്. ഫസീര്‍, ആയിഷ എന്നിവര്‍ മക്കളാണ്.