വികസനരേഖയില്‍ ജനവിരുദ്ധതയില്ലെന്ന് എം.വി. ഗോവിന്ദൻ
Saturday, March 8, 2025 1:35 AM IST
കൊല്ലം: സിപിഎം അവതരിപ്പിച്ച വികസനരേഖയില്‍ ജനവിരുദ്ധതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പത്രസമ്മേളനത്തിൽ പറഞ്ഞു. നവകേരളത്തിന്റെ പുതുവഴികള്‍ പരാമര്‍ശിക്കുന്ന രേഖയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.
രേഖയില്‍ ജനവിരുദ്ധതയില്ല, ജനക്ഷേമം മാത്രമാണ്. കേരളത്തോട് കേന്ദ്രത്തിന് കടുത്ത അവഗണനയാണുള്ളത്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ കൂടുതൽ വിഭവസമാഹരണപദ്ധതി ഉപയോഗപ്പെടുത്തി മാത്രമാണ് മുന്നോട്ടുപോകാൻ കഴിയുക. വിഭവസമാഹരണം കൂട്ടണം. ഇതിൽ ജനവിരുദ്ധതയില്ല, ജനക്ഷേമകരമായ കാര്യങ്ങളാണ്.
മൂലധനനിക്ഷേപം ഏതുതരത്തിലായാലും സ്വീകരിക്കുക എന്നതാണ് നവകേരളത്തിന്റെ പുതുവഴികൾ എന്ന രേഖ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. ചരടുകളില്ലാത്ത മൂലധനനിക്ഷേപങ്ങളെ രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തിനുവേണ്ടി ഫലപ്രദമായി ഉപയോഗിക്കുക.
എന്നാൽ, അതിൽ സംസ്ഥാന താത്പര്യങ്ങൾക്ക് എതിരായ ഒരുവ്യവസ്ഥയും അംഗീകരിച്ചുകൊടുക്കില്ല. സെസ് ചുമത്താനുള്ള സാധ്യത പരിശോധിക്കണമെന്ന കാര്യമാണ് രേഖയിൽ പറയുന്നത്. ദരിദ്ര ജനവിഭാഗങ്ങൾക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്കും നൽകേണ്ടതുണ്ടോ എന്ന ചോദ്യമാണ് അടിസ്ഥാനപരമായി ഉന്നയിക്കുന്നത്.
ദരിദ്ര ജനവിഭാഗങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക എന്നത് വർഗപരമായ നിലപാടാണ്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തേണ്ടതിന്റെ പ്രാധാന്യം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നിർദേശത്തിന് പ്രതിനിധികൾ പൂർണമായ പിന്തുണ നൽകിയെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.