മൂന്നു വർഷമായി ഗ്രാറ്റുവിറ്റിയില്ലാതെ കശുവണ്ടിത്തൊഴിലാളികൾ
Saturday, March 8, 2025 1:35 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കൊല്ലത്തെ ചുവപ്പണിയിച്ച് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്പോൾ, ജില്ലയിലെ പരന്പരാഗത വ്യവസായമായ കശുവണ്ടിത്തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക മൂന്നു വർഷമായി കൊടുക്കാതെ സംസ്ഥാന സർക്കാർ. കശുവണ്ടി മേഖലയിൽ നിന്ന് 2022 മുതൽ വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഇനത്തിൽ എട്ടു കോടി രൂപയാണ് കുടിശികയുള്ളത്.
കശുവണ്ടി മേഖലയിലെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥയിലുള്ള പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപറേഷനിൽ നിന്ന് 2022 മുതൽ വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക ഇനത്തിലുള്ള തുകയാണ് തടഞ്ഞു വച്ചിരിക്കുന്നത്. 2022, 2023, 2024 വർഷങ്ങളിൽ വിരമിച്ച തൊഴിലാളികളാണ് ദുരിതക്കയത്തിലായത്.
കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതമായി 3.05 കോടി രൂപ വകയിരുത്തിയെങ്കിലും ഇതുവരെ ഒരു പൈസ പോലും കശുവണ്ടി വികസന കോർപ്പറേഷന് ധനവകുപ്പ് അനുവദിച്ചില്ലത്രേ. കശുവണ്ടി വികസന കോർപറേഷനുമായി ബന്ധപ്പെട്ട നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കുള്ള കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കശുവണ്ടി വികസന കോർപ്പറേഷൻ നടത്തുന്ന 30 ഫാക്ടറികളിൽ 20 എണ്ണം വാടകയ്ക്ക് എടുത്തവയാണ്. ഈ ഫാക്ടറികൾ ന്യായ വില നൽകി ഏറ്റെടുത്ത് സ്വന്തമാക്കുകയോ ഉടമസ്ഥർക്ക് തിരികെ നൽകുകയോ ചെയ്യണമെന്നതാണ് സുപ്രീം കോടതി ഉത്തരവ്.
ന്യായവില നൽകി ഏറ്റെടുക്കുന്നതിന് 62.05 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. 2025-26 ലും ബജറ്റ് വിഹിതം നിലവിലേതു പോലെ 3.05 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഈ തുക കൊണ്ട് ഒന്നും നടക്കില്ലെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്.
ഗ്രാറ്റുവിറ്റി കുടിശിക കൊടുക്കാനും വാടകക്കെട്ടിടങ്ങൾ ഏറ്റെടുക്കാനും ബജറ്റ് വിഹിതം 73.11 കോടിയായി ഉയർത്തണമെന്നാണ് വ്യവസായ വകുപ്പിന്റെ ആവശ്യം.