വനിതാ സംഗമവുമായി ആശമാര്‍; സമരം 27 ദിനം പിന്നിട്ടു
Sunday, March 9, 2025 1:12 AM IST
തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരവേദിയില്‍ വനിതാ സംഗമം സംഘടിപ്പിച്ചു.
ചലച്ചിത്രകാരിയും ക്യുറേറ്റമായ പരോമിത വോഹ്റ സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ ദിനത്തില്‍ അതിജീവനത്തിനായി പോരാടുന്ന വനിതകളുടെ ശക്തി വിളിച്ചോതുന്നതായിരുന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ആശവര്‍ക്കര്‍മാരുടെ മഹാസംഗംമം.
സമരവേദിയിലേക്ക് സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സ്ത്രീകളും മറ്റു പ്രമുഖരും ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു അധ്യക്ഷത വഹിച്ചു.
സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോര്‍ജ്, എഴുത്തുകാരി ഡോ.ജെ. ദേവിക, സ്കീം വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ നേതാവ് ടി.സി. രമ, ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന് പ്രതിനിധി ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്, കെപിസിസി അച്ചടക്ക സമിതി അംഗം ഡോ.ആരിഫ സൈനുദ്ദീന്‍, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന തമിഴ്നാട് സംസ്ഥാന നേതാവ് ഹില്‍ഡാ മേരി, പെമ്പിളൈ ഒരുമൈ സമര നേതാവ് ജി. ഗോമതി, എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സൗഭാഗ്യകുമാരി, പി. ഇ. ഉഷ, മാഗ്ലിന്‍ പീറ്റര്‍, എം. സുല്‍ഫത്ത്, യുണൈറ്റഡ് നേഴ്സസ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ദിവ്യ, കേരള മഹിളാ ഫെഡറേഷന് ജില്ല പ്രസിഡന്റ് ചന്ദ്രവല്ലി, ഫാ. ടോണി, ഫാദര്‍ ടോം, ആര്‍എല്‍ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി റീജ വിനോദ്, അനിത രമേശ്, ഡോ. സോണിയ മല്‍ഹാര്‍, കലാ രശ്മി, ശിവസേന നേതാവ് അശ്വതി, അണ്ണാ ഡിഎച്ച്ആര്‍എം സംസ്ഥാന സെക്രട്ടറി രേഷ്മ തുടങ്ങി നിരവധി പേരാണ് സംഗമത്തിന് വനിതാ ദിനത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇന്നലെ എത്തിയത്.
സമരം ശക്തമായി തുടരുമെന്ന പ്രഖ്യാപനവുമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്, വൈസ് പ്രസിഡന്റ് എസ്.മിനി, ജില്ലാ പ്രസിഡന്റ് കെ. പി. റോസമ്മ തുടങ്ങിയവര്‍ നേതൃത്വം നല്കി.
മഹാസംഗമത്തിന് പിന്തുണയറിയിച്ച് സാഹിത്യകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയിയും, നടിമാരായ റിമ കല്ലിങ്കലും കനി കുസൃതിയും ദിവ്യപ്രഭയും രഞ്ജിനിയുമെല്ലാം നേരത്തേ രംഗത്തെത്തിയിരുന്നു.
പിന്തുണയുമായി ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്കു പിന്തുണയുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ആശ പ്രവര്‍ത്തകര്‍ നടത്തുന്നത് നിലനില്‍പ്പിനു വേണ്ടിയുള്ള സമരമാണെന്നും ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റൊ പറഞ്ഞു.
സ്ത്രീ സംഘടനകളുടെ ഈ സമരത്തെ പിന്തുണയ്ക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു. വെള്ളയമ്പലം ലിറ്റില്‍ ഫ്ളവര്‍ പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ലത്തീന്‍ അതിരൂപതയുടെ അന്താരാഷ്ട്ര വനിത ദിനാഘോഷ പരിപാടിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.