മനുഷ്യനും മനുഷ്യത്വവും
Sunday, March 9, 2025 1:12 AM IST
ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്
കോണ്സ്റ്റന്റിന് ഗുദൗസ്കസ് എന്നൊരു മനുഷ്യനുണ്ട്. കസക്ക്സ്ഥാന്‍ പൗരനാണ് അദ്ദേഹം. പക്ഷേ, രാഷ്ട്രീയ അഭയാര്‍ഥിയായി ഇപ്പോള്‍ യുക്രെയ്നിലാണ്. റഷ്യ, യുക്രൈന് കീഴടക്കാന്‍ തുടങ്ങിയ സമയത്താണ് ഇങ്ങനെയൊരു മനുഷ്യനെക്കുറിച്ചു ലോകം അറിഞ്ഞത്.
റഷ്യ കീഴടക്കിയ യുക്രൈനിലെ ബുച്ചാ എന്ന സ്ഥലത്തുനിന്നും അതുപോലുള്ള മറ്റിടങ്ങളിൽനിന്നും ഇരുനൂറിലധികം ആളുകളെയാണ് കോണ്സ്റ്റന്റിന് രക്ഷപ്പെടുത്തിയത്. പ്രസിദ്ധ യുക്രേനിയൻ സംഗീതജ്ഞനായ ഇഹോർ പൊക്ലാദും അദ്ദേഹം രക്ഷപ്പെടുത്തിയവരിൽ പെടുന്നു. കസക്ക്സ്ഥാന്‍ റഷ്യയുടെ സുഹൃദ്രാഷ്ട്രം ആയതിനാല്‍ ആ രാജ്യത്തിന്റെ പൗരത്വവും രേഖകളുമുള്ള അദ്ദേഹത്തിന് അപകടകരമായ ഇടങ്ങളിലൂടെ സഞ്ചരിക്കാൻ സാധിച്ചു. പക്ഷേ, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാവുന്ന സാഹചര്യമായിരുന്നു അത്.
ബുച്ചാ എന്ന യുക്രേനിയന്‍ പട്ടണത്തില്‍വച്ച് റഷ്യന്‍പട്ടാളം 458 ആളുകളെ കൂട്ടക്കൊല ചെയ്തതായും നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തിയതായും വസ്തുവകകള്‍ അപഹരിച്ചതായും ഔദ്യോഗിക രേഖകള്‍ പറയുന്നു. 2023ല്‍ ബുച്ചാ എന്ന പേരില്‍ ഒരു സിനിമയും ഇറങ്ങി. കോണ്‍സ്റ്റന്റിന്റെ ജീവിതത്തെയും 2022ൽ നടന്ന യഥാർഥ സംഭവങ്ങളെയും അടിസ്ഥാനമാക്കിയ സിനിമയാണത്. യുദ്ധത്തിന്റെ ഭീകരതയും സാധാരണക്കാരന്റെ നിസഹായതയും നമുക്കതിൽ കാണാം.
എന്തുകൊണ്ടാണ് സ്വന്തം ജീവന് പണയംവച്ചു നിങ്ങള്‍ ഇത്രയും ആളുകളെ രക്ഷപ്പെടുത്തിയതെന്നു ചോദിക്കുമ്പോള്‍ അയാളുടെ ഉത്തരം മനുഷ്യത്വം എന്നാണ്; സ്വാര്ഥതയില്ലായ്മ എന്നാണ്. എല്ലാവരും മനുഷ്യരാണെന്നും ആദരിക്കപ്പെടേണ്ടവരാണെന്ന ബോധ്യവും അയാളിലുണ്ട്. സിനിമ റിലീസ് ആയ ശേഷം നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്, “ഞാൻ രക്ഷപ്പെടുത്തിയത് മനുഷ്യരെ മാത്രമാണ്. അവരുടെ സമ്പാദ്യമോ സാധനങ്ങളോ ഒന്നും ലക്ഷ്യമായിരുന്നില്ല. മനുഷ്യരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുക, അവരെ അവരുടെ കുടുംബാംഗങ്ങളുടെ ഒപ്പം ചേർക്കുക. ഇതുമാത്രമായിരുന്നു എന്റെ ലക്ഷ്യം.”
മനുഷ്യത്വം മറന്നപ്പോൾ
മനുഷ്യത്വമില്ലായ്മയുടെ കണക്കുകള്‍ എത്ര വേണമെങ്കിലും നമുക്കു ചരിത്രത്തിൽനിന്ന് എടുക്കാനാവും. ഹിറ്റ്ലര്‍ യഹൂദരെ വധിച്ച ചരിത്രവും അര്‍മേനിയന്‍ - അസീറിയന്‍ - ഗ്രീക്ക് വംശഹത്യകളും നമ്മുടെ ഓര്‍മയിലുണ്ട്. കുഞ്ഞുങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഏജൻസി ഇക്കഴിഞ്ഞ ദിവസം സുഡാനിലെ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടു. അവിടെ, സായുധ സേനകൾ ആസൂത്രിതമായ ലൈംഗിക അതിക്രമങ്ങൾ കൊച്ചുകുട്ടികൾക്കെതിരേവരെ നടത്തുന്നു എന്നതായിരുന്നു ആ റിപ്പോർട്ടിന്റെ ഉള്ളടക്കം. ഒരു വയസുള്ള കുഞ്ഞുങ്ങൾവരെ ആക്രമിക്കപ്പെടുന്നു എന്നതിന്റെ തെളിവുകളും അവർ നിരത്തുന്നു. എത്ര ഭീകരവും സങ്കടകരവുമാണ് ഈ വാർത്ത.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്ന യുദ്ധങ്ങളിലും കലാപങ്ങളിലും കൊല്ലപ്പെടുന്നത് മനുഷ്യരാണ്, നശിക്കുന്നതു മനുഷ്യത്വമാണ്. യുദ്ധത്തിൽ വിജയിക്കുന്നവരല്ല, യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നവരാണ് മനുഷ്യത്വമുള്ളവർ. പക്ഷേ, മിക്കപ്പോഴും ആഘോഷിക്കപ്പെടുന്നത് വിജയിക്കുന്നവരുടെ ജീവിതങ്ങളാണ്.
മറ്റുള്ളവരുടെ കാര്യങ്ങൾ
"മനുഷ്യനാകണം' എന്ന് ഈണത്തില്‍ പാടാനും മുദ്രാവാക്യമായി മുഴക്കാനും എളുപ്പമാണ്. എന്നാല്‍, അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് വിഷമം. ഒപ്പമുള്ളവനെ തന്നെപ്പോലെ കാണാനുള്ള മനസ് രൂപീകരിക്കുക ബുദ്ധിമുട്ട് നിറഞ്ഞതാണ്. അവനവനു വേണ്ടി മാത്രമാണ് ഇപ്പോള്‍ നിരവധി പേര് ജീവിക്കുന്നത്. മറ്റാരുടെയും കാര്യങ്ങളിലോ ആവശ്യങ്ങളിലോ അവര്‍ക്കു യാതൊരു താത്പര്യവുമില്ല. സമ്പത്തോ സമയമോ ഒന്നും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ തയാറാകാത്ത അത്തരക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ലോകം. അതില്‍ ഞാനുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും ചിലരിലൊക്കെ വലിയ അളവിൽ മനുഷ്യത്വം അവശേഷിക്കുന്നതിനാലാണ് ഈ ലോകം ഇങ്ങനെയെങ്കിലും മുന്നോട്ടുപോകുന്നതെന്നു തോന്നുന്നു. ആ ഗണത്തിൽ നമ്മളും ചേർന്നേ മതിയാവൂ. കാരണം അത്രമേൽ ആവശ്യമാണ് മനുഷ്യത്വം. കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലുമൊക്കെ മനുഷ്യത്വത്തോടെ പെരുമാറാൻ നമുക്കു സാധിക്കണം.
നമ്മിലെ മനുഷ്യത്വത്തിന്റെ അളവ് പരിശോധിക്കേണ്ട കാലമാണ് നോമ്പ്. ഒരാള്‍ എങ്ങനെ മറ്റുള്ളവരോട് ഇടപെടുന്നു എന്നതാണ് അയാളില്‍ എത്ര മാത്രം മനുഷ്യത്വമുണ്ടെന്നു മനസിലാക്കാനുള്ള അളവുകോൽ. നോമ്പിന്റെ ഈ ദിനത്തിൽ ഈ ചോദ്യം സ്വയം ചോദിക്കാം - ഞാനെങ്ങനെയാണ് മറ്റുള്ളവരോട് ഇടപെടുന്നത്?