പാലക്കാട്ട് വൻ കഞ്ചാവുവേട്ട; 47.7 കിലോ പിടിച്ചെടുത്തു
Sunday, March 9, 2025 1:12 AM IST
ഒലവക്കോട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. സന്ദ്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസിൽനിന്ന് ഇന്നലെ രാവിലെ മൂന്നു ട്രോളി ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന 47.7 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ബംഗാളിലെ ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദർ, ലൗലി മാലാകർ എന്നിവരെ അറസ്റ്റ് ചെയ്തു. പിടികൂടിയ കഞ്ചാവിന് 24 ലക്ഷത്തോളം രൂപ വിലവരും. ഒഡീഷയിൽനിന്ന് കണ്ണൂർക്കു കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും റെയിൽവേ പോലീസ് ഡാൻസാഫ് സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
കണ്ണൂർ, അഴീക്കോട്, വളപട്ടണം, മട്ടന്നൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ലഹരിക്കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ സജലിനെതിരേ കണ്ണൂരിൽ കഞ്ചാവുകേസ് നിലവിലുണ്ട്.