കോട്ടയത്തെ റാഗിംഗ്; നഴ്സിംഗ് വിദ്യാർഥികൾക്ക് ആജീവനാന്ത പഠനവിലക്ക്
Saturday, March 8, 2025 1:36 AM IST
തിരുവനന്തപുരം: കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ ജൂണിയർ വിദ്യാർഥിയെ ക്രൂര റാഗിംഗ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികൾക്ക് നഴ്സിംഗ് പഠനത്തിൽനിന്നും ആജീവനാന്ത വിലക്ക്. ഇതു സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡറക്ടറാണ് ഉത്തരവിറക്കിയത്.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇവിടെ സംഭവിച്ചതെന്നും രോഗീപരിചരണവുമായി ബന്ധപ്പെട്ട നഴ്സിംഗ് മേഖലയിൽ ഇത്തരം മനസുള്ളവർ ഉണ്ടാവാൻ പാടില്ലെന്നും വിലയിരുത്തിയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ഉത്തരവിറക്കിയത്.
ക്രൂര റാംഗിംഗിൽ പ്രതികളായ മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർഥികളായ കെ.പി. രാഹുൽ രാജ്, റിജിൽ ജിത്ത്, എൻ.വി. വിവേക്, രണ്ടാം വർഷ വിദ്യാർഥികളായ എൻ.എസ് ജീവ, സാമുവൽ ജോണ്സണ് എന്നിവർക്കാണ് വിലക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് കൗണ്‍സിൽ തുടർനടപടികൾ കൈക്കൊള്ളണം. കേസിൽ അറസ്റ്റിലായ അഞ്ചുപേരും ഇപ്പോൾ റിമാൻഡിലാണ്.