കാട്ടുപന്നിയാക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതര പരിക്ക്
Saturday, March 8, 2025 1:35 AM IST
മാതമംഗലം: ടാപ്പിംഗിനു ശേഷം റബർപാൽ ശേഖരിക്കുന്നതിനിടെ കാട്ടുപന്നിയാക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്ക്. വെള്ളരിയാനം സ്വദേശി മാത്രാടൻ ജയചന്ദ്രനെയാണ് (49) കാട്ടുപന്നി ആക്രമിച്ചത്.
ഇന്നലെ രാവിലെ ആറരയോടെ കടന്നപ്പള്ളി പാണപ്പുഴ എരമം-കുറ്റൂർ പഞ്ചായത്ത് അതിർത്തിയായ വെള്ളരിയാനത്തായിരുന്നു സംഭവം.
ജയചന്ദ്രനൊപ്പമുണ്ടായിരുന്ന ജോബി എന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. നിലത്തുവീണ ജയചന്ദ്രനെ കാട്ടുപന്നി പലതവണ കുത്തി പരിക്കേൽപ്പിച്ചു. ഓടി രക്ഷപ്പെട്ട ജോബി ആളുകളെ കൂട്ടി വന്നാണ് ജയചന്ദ്രനെ കാട്ടുപന്നിയിൽനിന്നും രക്ഷിച്ചത്. ആളുകൾ എത്തിയതോടെ കാട്ടുപന്നി ഓടിമറഞ്ഞു.
ശരീരമാസകലം കുത്തേറ്റ ജയചന്ദ്രനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.