മയക്കുമരുന്നിനെതിരേ പാർട്ടി പ്രവർത്തകർ അണിനിരക്കാൻ പ്രമേയം
Sunday, March 9, 2025 1:12 AM IST
കൊല്ലം: കേന്ദ്ര വനം- വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, മനുഷ്യ ജീവൻ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾക്കായി സിപിഎം സംസ്ഥാന സമിതിയിൽ പ്രമേയം. സമ്മേളന പ്രതിനിധി സി.വി. വർഗീസാണ് പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ ആറുമാസത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ 16 പേർ മരിച്ചതായും സംസ്ഥാനത്ത് 273 പഞ്ചായത്തുകളിൽ വന്യജീവി ആക്രമണം രൂക്ഷമായ സ്പോട്ടുകളുണ്ടെന്ന് സർക്കാർ കണ്ടെത്തിയതായും പ്രമേയത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ തെറ്റായ നയം തിരുത്തിക്കാൻ യുഡിഎഫ് എംപിമാരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വന്യജീവി സംരക്ഷണത്തോടൊപ്പം മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനും ഉതകുന്നവിധത്തിൽ കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
റബർ കർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓമല്ലൂർ ശങ്കരൻ പ്രമേയം അവതരിപ്പിച്ചു. റബറിന്റെ താങ്ങുവില ഉയർത്തുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക ധനസഹായം ലഭ്യമാക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പട്ടു.
മയക്കുമരുന്നിനെതിരേ പാർട്ടി അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്നും മയക്കുമരുന്നിനെതിരേ ഏകോപിതമായ പ്രതിരോധമുയർത്തണമെന്നും പറയുന്ന പ്രമേയവും പ്രതിനിധി എസ്. സതീഷ് അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപകരും അധ്യാപക രക്ഷാകർതൃ സമിതിയും പൊതുസമൂഹവും ഒന്നിച്ചു പ്രവർത്തിച്ചാൽ ഈ വിപത്തിനെ പ്രതിരോധിക്കാൻ കഴിയുമെന്നും പ്രമേയത്തിൽ പറയുന്നു.
ആരോഗ്യമേഖലയിലെ കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കെ.കെ. ശൈലജ, കേരളത്തിന്റെ റെയിൽവേ വികസനത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് പി.സതീദേവി, മത്സ്യമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് സജി ചെറിയാൻ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് എം. പ്രകാശൻ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേ നടക്കുന്ന അക്രമങ്ങൾക്കെതിരേ പൊതുസമൂഹം അണിനിരക്കണമെന്ന് സി.എസ്. സുജാത, പട്ടികജാതി വിഭാഗത്തിന്വേണ്ടി എം. രാധാകൃഷ്ണൻ എന്നിവരും പ്രമേയം അവതരിപ്പിച്ചു. പതിനൊന്ന് പ്രമേയങ്ങളാണ് ഇന്നലെ സംസ്ഥാനസമിതിയിൽ അവതരിപ്പിച്ചത്.