ലഹരിവ്യാപനം: പോലീസ് നടപടി അറിയിക്കണമെന്ന് ഗവർണർ
Sunday, March 9, 2025 1:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനം തടയാൻ പോലീസ് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമായി അറിയിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം.
ലഹരിവിരുദ്ധ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ലഹരിക്കെതിരേ സ്വീകരിക്കേണ്ട പ്രായോഗിക നടപടികൾ ഇല്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർ തള്ളി. ലഹരി സംസ്ഥാനത്തുനിന്നു തുടച്ചുനീക്കേണ്ട നടപടികളാണ് പോലീസ് സ്വീകരിക്കേണ്ടതെന്നും ഇതു സംബന്ധിച്ച വിശദ നടപടികൾ ഉൾപ്പെട്ട റിപ്പോർട്ടാണ് സമർപ്പിക്കേണ്ടതെന്നും ഗവർണർ നിർദേശിച്ചു.
ഡിജിപി നൽകിയ 23 പേജുള്ള റിപ്പോർട്ടിൽ ലഹരിക്കെതിരേ നടത്തുന്ന ബോധവത്കരണം ഉൾപ്പെടെയുള്ള നടപടികൾ മാത്രമാണ് ഉള്ളതെന്നാണു വിവരം. സംസ്ഥാനത്ത് ലഹരി വ്യാപനം ശക്തമായിട്ടും അതിനെതിരേ കടുത്ത നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് പൊതുസമൂഹത്തിനു പൊതുവേയുള്ളത്.ലഹരിവ്യാപനം തടയാൻ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകാത്തതിൽ പോലീസ് ഉന്നതർക്കും അതൃപ്തിയുണ്ട്.
ഇതിനിടെയാണ് ലഹരി വിഷയത്തിൽ സർക്കാരിനെ മറികടന്നുള്ള നടപടികളുമായി ഗവർണർ മുന്നോട്ടു പോകുന്നത്. കോളജ് വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാനുള്ള ആക്ഷൻ പ്ലാൻ തയാറാക്കാൻ സംസ്ഥാനത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ അടിയന്തരയോഗവും ഗവർണർ വിളിച്ചുചേർത്തിട്ടുണ്ട്. നാളെ ഉച്ചകഴിഞ്ഞു രണ്ടിനാണ് യോഗം.
അതിനിടെ, സംസ്ഥാനത്തെ ലഹരിവ്യാപനവും അതിനെ തുടർന്നുള്ള അതിക്രമങ്ങളും നിയമസഭയിൽ അടക്കം സജീവ ചർച്ചയായിട്ടും പ്രതിരോധ നടപടി സർക്കാർ സ്വീകരിക്കാത്തതിനെത്തുടർന്ന് മത- സാമുദായിക നേതാക്കളുടെയും സാംസ്കാരിക പ്രവർത്തകരുടെയും യോഗം വിളിച്ചുചേർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂളുകളിലെയും കോളജുകളിലെയും ലഹരിവ്യാപനം തടയാൻ പോലീസ്, എക്സൈസ്, വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം പോലും തുടങ്ങാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന വിമർശനവും ശക്തമാണ്.