അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഷൈനിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു
Sunday, March 9, 2025 1:12 AM IST
ഏറ്റുമാനൂർ: പാറോലിക്കലിനു സമീപം അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ അമ്മ ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു.
ഷൈനിയുടെ തെള്ളകം 101 കവലയിലെ വീട്ടിൽനിന്ന് ഏറ്റുമാനൂർ പോലീസാണ് ഫോൺ കണ്ടെടുത്തത്. കേസിൽ നിർണായക തെളിവായേക്കാവുന്ന ഫോൺ ലഭിക്കാത്തത് കേസിന്റെ അന്വേഷണത്തെയും ബാധിച്ചിരുന്നു.
ഫോൺ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു ഷൈനിയുടെ പിതാവ് പോലീസിനോട് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് വീട്ടിൽ പോലീസ് തെരച്ചിൽ നടത്തിയതും ഫോൺ കണ്ടെടുത്തതും.
ഷൈനിയുടെ ഭർത്താവ് നോബിയുടെ ഫോൺ പോലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു. ഈ ഫോണിലെ സന്ദേശങ്ങളെല്ലാം നീക്കം ചെയ്ത നിലയിലായിരുന്നു. അത് വീണ്ടെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഷൈനിയുടെ ഫോൺ ലോക്കായ നിലയിലാണ്. ലോക്ക് അഴിച്ച ശേഷം ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
നോബിയുടെയും ഷൈനിയുടെയും ഫോണുകൾ പരിശോധിക്കുന്നതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഷൈനിയും മക്കളും ജീവനൊടുക്കിയ ദിവസം അവരുടെ ഫോട്ടോയ്ക്കു വേണ്ടി മാധ്യമപ്രവർത്തകർ ഷൈനിയുടെ കുടുംബത്തെ സമീപിച്ചിരുന്നു.
ഫോൺ വീട്ടിലുണ്ടെന്നും ലോക്കായതിനാൽ ഫോട്ടോകൾ തരാൻ സാധിക്കില്ലെന്നുമാണ് ഷൈനിയുടെ പിതാവ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് കുടുംബാംഗങ്ങൾ ഈ നിലപാട് മാറ്റി. ഫോൺ എവിടെയാണെന്ന് അറിയില്ലെന്നാണ് അവർ പറഞ്ഞത്. പോലീസ് പല തവണ ആവശ്യപ്പെട്ടിട്ടും ഈ നിലപാടിൽ അവർ ഉറച്ചുനിൽക്കുകയായിരുന്നു.