നിറസാന്നിധ്യമായി സരിൻ
Saturday, March 8, 2025 1:35 AM IST
കൊല്ലം: കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തെ ഒരു രാഷ്ട്രീയ ആയുധമായി കണ്ടിരുന്ന ഒരാൾ ഇത്തവണ സമ്മേളന നഗറിലെ നിത്യസാന്നിധ്യമാണ്- ഡോ.പി സരിൻ. കേരളം മാത്രമല്ല, ലോക മലയാളികൾ ഉറ്റുനോക്കുന്ന ഒരു സമ്മേളനമാണ് കൊല്ലത്ത് നടക്കുന്നതെന്ന് സരിൻ പറയുന്നു.
പൊതുസമക്ഷം പരസ്യപ്പെടുത്താൻ കഴിയുന്ന ഒരു നയരേഖ അവതരിപ്പിക്കുന്നു. അത് ചർച്ച ചെയ്യുന്നു. വിമർശനങ്ങൾ ഉൾക്കൊള്ളുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. നവകേരളം എന്ന ഒരു ലക്ഷ്യം പ്രഖ്യാപിക്കുന്നു.
അത് ഈ പ്രസ്ഥാനത്തിന്റെ ദൗത്യമാണെന്ന് ബോധ്യപ്പെടുത്തുന്നു. അതിനുവേണ്ടി അർപ്പണ ബോധത്തോടെ അധ്വാനിക്കാൻ പ്രവർത്തകരോട് പറയുന്നു. അത് ഈ പ്രസ്ഥാനത്തിന്റെ ബാധ്യതയാണെന്നും ഭരണം അതിനുള്ള ഒരു ടൂൾ മാത്രമാണെന്നും അണികളെ ബോധ്യപ്പെടുത്താൻ കഴിയുന്നു- കേരളത്തിൽ സിപിഎമ്മിനു മാത്രം കഴിയുന്ന കാര്യമാണിതെന്നും സരിൻ പറയുന്നു.